2

മലയിൻകീഴ്: മലയിൻകീഴിൽ മുന്നറിയിപ്പില്ലാതെ ദിവസങ്ങളോളം കുടിവെള്ളം മുട്ടുന്നത് പതിവാകുന്നു. കിള്ളിപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നാണ് മലയിൻകീഴ് ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തേണ്ടത്. എന്നാൽ കാലഹരണപ്പെട്ട കൂറ്റൻ പൈപ്പ് പൊട്ടുന്നതാണ് കുടിവെള്ളം മുടങ്ങാൻ കാരണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച മുടങ്ങിയ കുടിവെള്ളം തിങ്കളാഴ്ച രാവിലെയാണ് പുനഃസ്ഥാപിച്ചത്. മലയിൻകീഴ്, മണപ്പുറം, അണപ്പാട്, ശാന്തിനഗർ, ശാന്തുമൂല, ആൽത്തറ, മേപ്പൂക്കട, മച്ചേൽ, പാലോട്ടുവിള, കരിപ്പൂര്, തറട്ട, ചിറ്റിയൂർകോട് എന്നീ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉപഭോക്താക്കളിലേക്ക് വെള്ളമെത്തുന്നില്ലെങ്കിലും പൈപ്പ് പൊട്ടുന്നതിലൂടെ ധാരാളം കുടിവെള്ളമാണ് പാഴാകുന്നത്. മറ്റ് ജലസ്രോതസുകളില്ലാതെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പൈപ്പ് പൊട്ടിയ വിവരമോ കുടിവെള്ളം തടസപ്പെടുമെന്ന വിവരമോ അറിയിച്ചിരുന്നുവെങ്കിൽ കുറച്ചു ദിവസത്തേക്ക് കുടിവെള്ളം ലഭിക്കാൻ പകരം സംവിധാനം കാണാൻ കഴിയുമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മാറനല്ലൂർ മൂലക്കോണത്തെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നാല് ദിവസമാണ് ജനങ്ങൾ കുടിവെള്ളത്തിനായി കാത്തിരുന്നത്.

 കാളിപ്പാറയിൽ നിന്നുമെത്തുന്ന ജലം ശാന്തമൂല ശിവക്ഷേത്രത്തിന് സമീപത്തെ 5,000 ലിറ്ററിന്റെ രണ്ട് ടാങ്കുകളിൽ ശേഖരിച്ച ശേഷം അവിടെ നിന്ന് പമ്പിംഗ് നടത്തി ആനപ്പാറയിലുള്ള വലിയ ടാങ്കിൽ ശേഖരിക്കുകയും തുടർന്ന് അവിടെ നിന്നാണ് എള്ളുമലയിലും സമീപപ്രദേശങ്ങളിലുള്ള വീടുകളിലേക്കും വെള്ളമെത്തുന്നത്. ഈ ടാങ്കിലെ സ്കൂളിലേക്കുള്ള വാൽവ് അടയ്ക്കുന്നതിനാൽ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ വെള്ളമെത്താറില്ല. കുടിവെള്ളം മുട്ടുന്നതിന് യന്ത്രത്തകരാർ,​ ആവശ്യമായ ഫോഴ്സ് ഇല്ല എന്നിങ്ങനെയാണ് നേരത്തെ ജനങ്ങൾക്ക് അധികൃതരിൽ നിന്ന് കിട്ടാറുള്ള മറുപടി. എന്നാൽ കാളിപ്പാറ പദ്ധതി യാഥാർത്ഥ്യമായതോടെ പൈപ്പ് പൊട്ടുന്നതാണ് കുടിവെള്ളം മുടങ്ങാനുള്ള കരാണമെന്നായി അധികൃതരുടെ പക്ഷം.

 കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ

മലയിൻകീഴ്,​ മണപ്പുറം

അണപ്പാട്,​ ശാന്തിനഗർ

ശാന്തുമൂല,​ ആൽത്തറ

മേപ്പൂക്കട,​ മച്ചേൽ

പാലോട്ടുവിള,​ കരിപ്പൂര്

തറട്ട,​ ചിറ്റിയൂർകോട്

 പമ്പിംഗ് തകരാർ, യന്ത്രത്തകരാർ, വെള്ളമില്ല എന്നീ ന്യായങ്ങൾ നിരത്തി ജനങ്ങളുടെ കുടിവെള്ളം മുടക്കിയ വാട്ടർ അതോറിറ്റി അധികൃതർ കാളിപ്പാറ പദ്ധതി യാഥാർത്ഥ്യമായിട്ടും വെള്ളം നൽകാൻ വിമുഖതകാട്ടുകയാണ്. ഉപഭോക്താക്കൾക്ക് കുടിവെള്ളം പൈപ്പ് വഴി നൽകുന്നതിന് അധികൃതർ പ്രാധാന്യം നൽകണം.

ശാന്തുമൂല മുരുകൻ,

മലയിൻകീഴ്,​

ഗ്രാമപഞ്ചായത്ത് അംഗം