കാസർകോട്: വിദേശത്തേക്ക് പറക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളെ കെണിയിൽ വീഴ്ത്തി വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാപകമായി അടിച്ചു നൽകുന്നതിന് പിന്നിൽ പ്രവർത്തിച്ചത് ദുബായ് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ആരോഗ്യ വിഭാഗം ഏജൻസി. ദുബായ് ഏജൻസി നൽകുന്ന സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വിമാന യാത്രയ്ക്ക് അനുമതി ലഭിക്കുകയുള്ളുവെന്ന് വ്യാപകമായി പ്രചാരണം നൽകിയതിന്റെ ഭാഗമായി പ്രവാസികൾ സർട്ടിഫിക്കറ്റിനു വേണ്ടി തള്ളിക്കയറുകയായിരുന്നു.
ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഏജൻസിയുടെ കേരളത്തിലെ ഫ്രാഞ്ചൈസിയായി ചുമതല നൽകിയത് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാബിനെയാണ്. സംസ്ഥാനത്തെ പലയിടങ്ങളിലെയും ലാബുകളെ ദുബായ് ഏജൻസി ഫ്രാഞ്ചൈസിക്കായി സമീപിച്ചിരുന്നു. എന്നാൽ കൊവിഡ് ദുരിത കാലത്ത് പ്രവാസികളെ കൊള്ളയടിക്കാൻ ആരും കൂട്ടുനിന്നില്ലത്രെ. പിന്നീടാണ് കോഴിക്കോട് ലാബിനെ സമീപിക്കുന്നത്. അവർ ദുബായി ഏജൻസിയുടെ ആളുകളായി വിവിധ ജില്ലകളിൽ ഫ്രാഞ്ചൈസി തുടങ്ങുകയും പ്രവാസികളെ വലവീശി പിടിക്കാൻ വാഹനത്തിൽ നാടുനീളെ കറങ്ങുന്ന ഏജന്റുമാരെ നിയോഗിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.
ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്താൻ പ്രവാസികളിൽ നിന്ന് 5000 രൂപ വാങ്ങിയാൽ 2000 രൂപ ലാബിന് നല്കുമെന്നായിരുന്നു ദുബായ് ഏജൻസിയുടെ വാഗ്ദാനം. ഗൾഫിലേക്ക് എളുപ്പത്തിൽ പോകാൻ പ്രവാസികൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടാൻ ഇടിച്ചു കയറാൻ തുടങ്ങിയതോടെ എടുത്ത സ്രവങ്ങളിൽ ഭൂരിഭാഗവും ടെസ്റ്റ് നടത്താതെ ലെറ്റർ പാഡിൽ കൊവിഡ് നെഗറ്റീവ് അടിച്ചു കൊടുക്കുകയാണ് ചെയ്തതെന്നാണ് വളാഞ്ചേരിയിൽ പൊലീസ് കണ്ടെത്തിയത്. ഐ.സി.എം.ആർ കോഡ് നമ്പറും ആർ.ടി.പി.സി ആർ ഓപ്പൺ സിസ്റ്റവും ഉപയോഗിച്ച് ടെസ്റ്റ് ചെയ്തതിന്റെ സർട്ടിഫിക്കറ്റും ഉറപ്പുവരുത്തിയാണ് യാത്രാനുമതി നൽകുക.
വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തുന്നത് ഞെട്ടിക്കുന്നതും അങ്ങേയറ്റം അപലപനീയവുമാണ്. ഇവർക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തണം. കൊവിഡിന്റെ മറവിൽ ഏതാനും ലാബുകൾ ചെയ്യുന്ന മാപ്പർഹിക്കാത്ത കുറ്റത്തിന് സ്വകാര്യ ലാബുകളെയെല്ലാം അത്തരക്കാരായി കാണരുതെന്ന് അഭ്യർത്ഥിക്കുന്നു.
സി. ബാലചന്ദ്രൻ തൃശൂർ, ബിജോയ് വി. തോമസ് (പ്രസിഡന്റ്, ജനറൽ സെക്രട്ടറി മെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി)