തോൽപ്പെട്ടി: വയനാട്ടിൽ കാട്ടാനയെ തുരത്തുന്നതിനിടെ താൽക്കാലിക വാച്ചർക്ക് പരിക്ക്‌പറ്റി. തോൽപ്പെട്ടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വനം വകുപ്പ് താൽക്കാലിക കാവൽകാരൻ തോൽപ്പെട്ടി കൊല്ലിക്കൽ ഷിബു എന്ന ഉത്തമനാണ് (38) പരിക്കേറ്റത്. കഴിഞ്ഞ രാത്രി ജനവാസ പ്രദേശത്ത് ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയിലാണ് സംഭവം. ഉത്തമന്റെ വാഴത്തോട്ടത്തിലേക്കിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഉത്തമനെ ആക്രമിക്കുകയായിരുന്നു.
തുടയെല്ലിനും, ഇടുപ്പിനും പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ആന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.