കമ്പളക്കാട്: സെക്കൻഡ് ഹാന്റ് വാഹന വിൽപ്പന ഇടപാടുകാരനെ വിളിച്ചുവരുത്തി ആക്രമിച്ച് ഗൂഗിൾ പേ വഴി 70,000 രൂപയും, വാച്ചും, മൊബൈൽ ഫോണും കവർന്ന കേസിൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ. മുഖ്യ പ്രതി മേപ്പാടി പുത്തുമല തോട്ടപാളി വീട്ടിൽ മെഹ്‌റൂഫ് (20), ഏഴാം പ്രതി കൽപ്പറ്റ എമിലി ചേരുംതടത്തിൽ സി.കെ.ആഷിക് (25) എന്നിവരാണ് അറസ്റ്റിലായത്.
കമ്പളക്കാട് എസ്.ഐ രാംജിത്തും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 7 പ്രതികളുള്ള കേസിലെ ഒരാൾ കൂടി ഇനി പിടിയിലാകാനുണ്ട്. കൽപ്പറ്റ പുഴമുടി പുത്തൻവീട് പി.ആർ.പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞരായൻകണ്ടി കെ.കെ.ഷഫീഖ് (34), പുതിയങ്ങാടി കമ്മക്കകംപറമ്പ് പി.കെ.സക്കറിയ (30), കാര്യമ്പാടി കൊങ്ങിയമ്പം പാലക്കാമൂല പാറപ്പുറത്ത് വീട്ടിൽ പി.എസ്.രാഹുൽ (20) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ആഗസ്റ്റ് 21 ന് കുഞ്ഞോം സ്വദേശിയായ യുവാവിനെ വിൽക്കാനുള്ള കാർ കാണിച്ചു നൽകാമെന്ന് പറഞ്ഞ് വരദൂർ പാലത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയതായാണ് പരാതി. പരാതിക്കാരന്റെ പരിചയക്കാരൻ തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നു. ഇയാളാണ് കവർച്ച ലക്ഷ്യംവച്ച് യുവാവിനെ വിളിച്ചു വരുത്തിയത്.
തുടർന്ന് മറ്റ് നാല് പേരെയും കൂടെ ചേർത്ത് യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ആക്രമിച്ച് വാച്ചും മൊബൈലും കവർന്നു. പിന്നീട് ഗൂഗിൾ പേ വഴി 70,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.ആർ.ദിലീപ് കുമാർ, ഹാരിസ് പുത്തൻപുരയിൽ, കെ.തെൽഹത്ത്, സി.പി.ഒമാരായ ജാസിം ഫൈസൽ, അനൂപ് പി ഗുപ്ത എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.