s
താഴെ തലപ്പുഴയിലെ സുരേഷ് ഗോപിയുടെ കൈയ്യിലും ചുമലിലും കയറിയിരിയ്ക്കുന്ന ചിന്നുവും മിന്നുവും

തലപ്പുഴ: ഇരട്ടമൈനയെ കണ്ടാൽ ഭാഗ്യമെന്നാണ് വിശ്വാസം. അങ്ങനെയെങ്കിൽ വയനാട് തലപ്പുഴയിലെ സുരേഷ് ഗോപിക്കിനി സൗഭാഗ്യങ്ങളുടെ ദിനങ്ങളാണ്. കാരണം കൺവെട്ടത്ത് എപ്പോഴും രണ്ട് മൈനകളുണ്ടാവും, ചിന്നുവും മിന്നുവും.

ഒന്ന് നീട്ടി വിളിച്ചാൽ എവിടെയാണെങ്കിലും ഈ മൈനകൾ ഉടനെ പറന്നെത്തും. ചിന്നു സുരേഷിന്റെ തോളിൽക്കയറിയിരിക്കുമ്പോൾ മിന്നു കയറുന്നത് തലയിലേയ്ക്കാവും. രണ്ട് മാസം മുമ്പ്, നിലത്ത് വീണ് കിടന്നിരുന്ന പക്ഷിക്കുഞ്ഞുങ്ങളെ വീട്ടിലേയ്ക്ക് എടുത്ത് കൊണ്ടുവരുമ്പോൾ തൂവലുകൾ പോലും വളർന്നിട്ടില്ലായിരുന്നു.

വീട്ടിലുണ്ടാക്കുന്ന ഭക്ഷണമെല്ലാം കൊടുത്തു, ബിസ്കറ്റ് ഇവർക്ക് വളരെയിഷ്ടമാണ്. മിഠായി കണ്ടാൽ പറന്നെത്തും.

സാധാരണ പക്ഷികളെപ്പോലെ ഇര പിടിച്ച് പരിചയമില്ലാത്തത് കൊണ്ട് വയലിൽ കാണുന്ന പുൽച്ചാടികളെ പിടിച്ച് സുരേഷ് ഇവർക്ക് കൊടുക്കും. കൂടുണ്ടെങ്കിലും ചിന്നുവും മിന്നുവും സർവ്വ സ്വതന്ത്രരായി പാറിപ്പറന്ന് നടക്കുന്നു. മഴ പെയ്യുമ്പോൾ കയറിയിയ്ക്കാനുള്ള ഇടം മാത്രമാണവർക്ക് കൂട്. സുരേഷിന്റെ അടുത്തെത്തി സംസാരിക്കുന്നവരുടെ തലയിലും വീട്ടിലെ വളർത്ത് നായയുടെ പുറത്തുമെല്ലാം ഇവ കയറിയിരിക്കും.

തലപ്പുഴയിൽ ഹിറ്റാച്ചി ഓപ്പറേറ്ററാണ് സുരേഷ്. മൈനകൾ വർത്തമാനം പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ് സുരേഷ് ഗോപി.