കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മാത്രമായി രണ്ട് കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ കെട്ടിടമൊരുങ്ങുന്നു. പ്രവൃത്തി ഈ മാസം പൂർത്തിയാകും.
കിഫ്ബി ധനസഹായത്തെടെ 3 കോടി രൂപ ചെലവിട്ടുള്ള വികസന പ്രവർത്തനങ്ങൾക്ക് അടുത്ത ആഴ്ച തുടക്കമാവും. കൈറ്റ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം 3 .64 കോടി രൂപ വേണ്ടി വരും. 64 ലക്ഷം രൂപ ഒ ആർ കേളു എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. സ്‌കൂളിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാത്തതിനാൽ ത്രിതല പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി ഭൂമി വാങ്ങാൻ സാധിച്ചു.
ഈ സ്ഥാപനത്തിൽ ഇപ്പോൾ 1735 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇതിൽ 365 പേർ ഹയർസെക്കൻറി വിഭാഗത്തിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാരുള്ള തിരുനെല്ലി
പഞ്ചായത്തിലെ ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നേറ്റം ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ഏറെ അനുഗ്രഹമാവും. ഒ ആർ കേളു എം എൽ എ പഠിച്ച വിദ്യാലയം കൂടിയാണിത്.