പുൽപ്പള്ളി: പുൽപ്പള്ളി മേഖലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ചങ്ങല ഗേറ്റിലെ വ്യാപാരിയുടെയും കെ എസ് ആർ ടി സി ജീവനക്കാരന്റെയും സമ്പർക്കത്തിൽ അഞ്ചോളം പേർക്കാണ് ആർ ടി പി സി ആർ പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയത്. പുൽപ്പള്ളി കാനറാ ബാങ്കിൽ രോഗി എത്തിയ സാഹചര്യത്തിൽ തിങ്കളാഴ്ച ബാങ്ക് അടച്ചിടാനും ജീവനക്കാരോട് ക്വാറന്റൈനിൽ പ്രവേശിക്കാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പുൽപ്പള്ളി മേഖലയിൽ മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും സമ്പർക്കത്തിലൂടെയുള്ള രോഗബാധ കുറവായിരുന്നു. ഇപ്പോൾ സമ്പർക്കരോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധന ബുധനാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച ചിലരുടെ സമ്പർക്കപട്ടികയിൽ നിരവധി പേരുണ്ടെന്നാണ് വിവരം. ചങ്ങലഗേറ്റിലെ വ്യാപാരിയിൽ നിന്നു നാല് വനം വകുപ്പ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരുടെ സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധനയും നടക്കാനുണ്ട്. ഫോറസ്റ്റ് ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ ക്വാറന്റൈനിൽ കഴിയുന്നില്ലെന്ന ആരോപണമുണ്ട് പൊതുവെ.