കൽപ്പറ്റ:കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക നിലവിൽ വന്നപ്പോൾ വയനാട്ടിൽ ഇൗഴവ സമുദായത്തെ പാടെ തഴഞ്ഞു. പട്ടികയിൽ രണ്ട് സമുദായങ്ങളെ മാത്രമാണ് പരിഗണിച്ചത്. മുന്നോക്ക സമുദായമായ കൃസ്ത്യൻ സമുദായത്തെയും ആദിവാസി വിഭാഗത്തെയും. വയനാട്ടിൽ 27.18 % ഉള്ള ഈഴവ തിയ്യ, ബില്ലവ, സമുദായത്തെയും 24.65 % മുള്ള മുസ്ലിം സമുദായത്തെയും പാടെ അവഗണിച്ചു. നിലവിൽ ഈഴവ തിയ്യ സമുദായത്തിന് അർഹമായ പരിഗണന കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കെ.പി.സി.സി.എക്‌സിക്യുട്ടിവിൽ ഒരാളെ മാത്രമാണ് പരിഗണിച്ചത്. നിലവിൽ ഡി.സി.സിയുടെ വൈസ് പ്രസിഡന്റുമാരിലോ കെ.പി.സി.സി. മെമ്പർമാരിലോ ഈ സമുദായത്തിൽ നിന്നും ഒരാൾ പോലുമില്ല.

സ്ഥാനങ്ങൾ വീതം വച്ചപ്പോൾ വയനാടിൽ എ ഗ്രൂപ്പ് മേൽക്കൈ നേടുകയും ചെയ്തു. പാർട്ടിയുടെയും പോഷക പ്രസ്ഥാനങ്ങളുടേയും താക്കോൽ സ്ഥാനങ്ങൾ എ ഗ്രൂപ്പ് വരുതിയിലാക്കി. ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളിൽ വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി, ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി, സെക്രട്ടറി എൻ.കെ. വർഗീസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. ആലി എന്നിവർ എ വിഭാഗത്തിൽ പ്പെട്ടവരാണ്. കെ.കെ. അബ്രഹാം, എം.എസ്. വിശ്വനാഥൻ, ടി.ജെ. ഐസക് എന്നിവരാണ് ജില്ലയിൽ ഐ ഗ്രൂപ്പിൽനിന്നുള്ള കെ.പി.സി.സി. സെക്രട്ടറിമാർ.

എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.വി. ബാലചന്ദ്രനും ഇതേ വിഭാഗക്കാരനാണ്. പാർട്ടിയിലെ മുല്ലപ്പള്ളി വിഭാഗത്തിൽ നിന്നുള്ളയാളാണ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെട്ട മറ്റൊരു വയനാട്ടുകാരനായ പി. ചന്ദ്രൻ വെള്ളമുണ്ട. ഐ ഗ്രൂപ്പിനു ജില്ലയിൽ മൂന്നു കെ.പി.സി.സി സെക്രട്ടറിമാർ ഉണ്ടെങ്കിലും ഇവർ പാർട്ടി നിർവാഹക സമിതി അംഗങ്ങളല്ല.
ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഐ ഗ്രൂപ്പുകാരനാണെങ്കിലും ജില്ലയിൽ കോൺഗ്രസിന്റെ പ്രധാന പോഷക പ്രസ്ഥാനങ്ങളുടെ അമരത്തു ഐ ഗ്രൂപ്പ് പ്രതിനിധികളല്ല.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷംസാദ് മരയ്ക്കാർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് അമൽ ജോയി, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി. ആലി, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് എന്നിവർ എ ഗ്രൂപ്പുകാരാണ്. ജില്ലയിൽനിന്നുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.കെ. അനിൽകുമാർ എന്നിവരും എ ഗ്രൂപ്പുകാരാണ്. കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി സിറിയക്, ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനന്തൻ നെൻമേനി, ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. ശശി, കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് ജില്ലാ ചെയർമാൻ ആർ.പി. ശിവദാസ്, സേവാദൾ ജില്ലാ ചെയർമാൻ അനിൽ എസ്. നായർ എന്നിവർ ഐ ഗ്രൂപ്പിൽ നിന്നുള്ളവരാണ്.
മലബാറിൽ ഐ ഗ്രൂപ്പിനു ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന ജില്ലകളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പ് നേതൃത്വം തീരുമാനിക്കുന്നതു പോലെയായിരുന്നു കാര്യങ്ങളുടെ പോക്ക്. എന്നാൽ ഐ ഗ്രൂപ്പിൽനിന്നുള്ള പല പ്രമുഖരും എ ഗ്രൂപ്പിലെത്തിയതോടെ ചിത്രം മാറുകയായിരുന്നു. ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായിരുന്ന എൻ.ഡി. അപ്പച്ചൻ, ട്രേഡ് യൂണിയൻ നേതാവ് പി.പി. ആലി എന്നിവർ ഐ ഗ്രൂപ്പിൽ നിന്നും എ ഗ്രൂപ്പിലെത്തിയ പ്രമുഖരാണ്.
പുതിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ പട്ടിക കഴിഞ്ഞ ദിവസം പാർട്ടി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ നിരാശരായവർ ഐ,എ ഗ്രൂപ്പുകളിലുണ്ട്.
ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളിൽ മാനന്തവാടിയിൽ നിന്നുള്ള പി.കെ. ജയലക്ഷ്മിയും ബത്തേരിയിൽ നിന്നുള്ള എം.എസ്. വിശ്വനാഥനും പട്ടികവർഗത്തിൽപ്പെട്ടവരാണ്. എ.ഐ.സി.സി മെമ്പറുമാണ് മുൻ മന്ത്രിയായ പി.കെ. ജയലക്ഷ്മി. എം.എസ്. വിശ്വനാഥൻ രണ്ടാം തവണയാണ് കെ.പി.സി.സി സെക്രട്ടറിയാകുന്നത്. പുൽപള്ളിയിൽനിന്നുള്ള കെ.കെ. അബ്രഹാമും സെക്രട്ടറി സ്ഥാനം നിലനിർത്തുകയാണ് ചെയ്തത്.
പാർട്ടിയിലും മുഖ്യ പോഷക സംഘടനകളിലും പ്രധാന സ്ഥാനങ്ങൾ എ ഗ്രൂപ്പിനു ലഭിച്ചതു ഐ ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പടിസ്ഥാനത്തിൽ വീതം വയ്ക്കുമ്പോൾ നഷ്ടം സംഭവിച്ചേക്കാമെന്ന ശങ്ക ജില്ലയിലെ ഐ വിഭാഗം നേതാക്കൾക്കുണ്ട്.