പടിഞ്ഞാറത്തറ: ജില്ലയിൽ ആദ്യമായി ഹോം ഐസൊലേഷനിൽ കൊവിഡ് ചികിത്സ നടത്തിയ കുടുംബത്തിന് രോഗവിമുക്തി.പടിഞ്ഞാറത്തറ കുപ്പാടിത്തറയിലെ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള അഞ്ചംഗ കുടുംബമാണ് പൂർണ്ണ രോഗവിമുക്തി നേടിയത്.
ഈ മാസം 14 നായിരുന്നു കുപ്പാടിത്തറ വൈശ്യൻ അസീസിനും ഭാര്യയ്ക്കും മക്കൾക്കും മകളുടെ ഏഴുമാസം പ്രായമുള്ള കൈക്കുഞ്ഞിനും രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ പിടിപെട്ട രോഗത്തെ തുടർന്ന് അഞ്ചു പേരെയും കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് പടിഞ്ഞാറത്തറ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എം.പി കിശോർകുമാർ കുടുംബത്തിന് മുമ്പിൽ ഹോം ഐസൊലേഷൻ നിർദ്ദേശം മുന്നോട്ട് വെച്ചത്. രോഗം പിടിപെട്ട അഞ്ച് പേർക്കും വീട്ടിൽ വെച്ച് തന്നെ ചികിത്സ നൽകാൻ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നിർദ്ദേശവും പിന്തുണയും ഉറപ്പായതോടെ ജില്ലയിലാദ്യമായി ഈരീതിയിലുള്ള ചികിത്സയ്ക്ക് കുടുംബം സന്നദ്ധമായി.
ഗ്രാമപഞ്ചായത്തും അയൽക്കാരും ഇവർക്ക് ഭക്ഷണമുൾപ്പെടെ ആവശ്യമായ മുഴുവൻ സഹായങ്ങളും നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ 24 മണിക്കൂറും കുടുംബത്തിന് മരുന്നുകളെത്തിക്കുന്നതിലും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിലും ജാഗ്രത പാലിച്ചു. എട്ട് ദിവസത്തെ ചിക്തിസയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ മുഴുവൻ പേരും കൊവിഡ് നെഗറ്റീവ് ആവുകയായിരുന്നു. രോഗവിമുക്തി നേടിയ കുടുംബത്തിന് ജില്ലാ പഞ്ചായത് പ്രസിഡന്റ് കെ.ബി നസീമ, ഡോ.കിശോർകുമാർ എന്നിവർ മധുരം നൽകി. ജെ.എച്ച്.ഐ മാരായ നസ്‌റിയ,ചാർളി,പ്രദീപ്കുമാർ,സ്റ്റാഫ് നഴ്‌സ് ലിയ,റിട്ട. എച്ച് എസ് വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം വേണ്ട സഹായങ്ങളെത്തിക്കുന്നതിൽ പങ്കാളികളായി. ഈ കുടുംബം ഇനി ഏഴ് ദിവസം റിവേഴ്‌സ് ക്വാറന്റൈൻ പാലിക്കണം.