pulpally

പുൽപ്പളളി: കുടുംബങ്ങൾ പലത്, കുടുംബ പേരുകളും. പക്ഷേ, വയനാട് പുൽപ്പള്ളി ആനപ്പാറയിലെ ഡൈനാസ്റ്റി ഒരുമയുടെ പര്യായമാണ്. ഒരു നാടിന്റെ കൂട്ടായ്മയുടെ വിജയംകൂടിയാണ് ഡൈനാസ്റ്റിയുടെ ചുവടുവയ്പ്പുകൾ. വെറുതേയൊരു കൂട്ടായ്മയെയെന്ന ലക്ഷ്യമായിരുന്നില്ല ഡൈനാസ്റ്റിയുടെ ഉദയത്തിന് പിന്നിൽ. തൊഴിലും കൂലിയുമില്ലാതെ ജീവിതത്തിന് മുന്നിൽ പകച്ചുനിന്ന സാധാരണക്കാരായ മനുഷ്യരുടെ സ്വപ്നങ്ങൾക്ക്ചിറകൊരുക്കുകയായിരുന്നു ഡൈനാസ്റ്റി ചെയ്തത്. ഒരുകൂട്ടം ചെറുപ്പക്കാർ അതിനായി പ്രവർത്തിച്ചു. ഒരു കുടുംബ യോഗത്തിലൂടെയായിരുന്നു തുടക്കം. ജീവിത നിലവാരം ഉയർത്തി ചാരിറ്റി പ്രവർത്തനം നടത്താനായിരുന്നു തീരുമാനം. എന്നാൽ ജീവിത നിലവാരം ഉയരണമെങ്കിൽ എല്ലാവർക്കും തൊഴിൽ വേണം. കർഷക കുടുംബത്തിലെ അംഗങ്ങളായതിനാൽ കൃഷിയിലൂന്നിയുള്ള തൊഴിലിന് പ്രാമുഖ്യം നൽകി. ജൈവകൃഷി രീതിയിൽ ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾകൊണ്ട് വിവിധങ്ങളായ അച്ചാറുകൾ വിപണിയിലെത്തിച്ച് വിജയത്തിന്റെ പടവുകളിൽ കാലുകളൂന്നി.

2019 മാർച്ച് 17ന് സൊസൈറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ വിപുലമാക്കി. ചെറുപ്പക്കാർക്ക് പുറമെ വയോധികരേയും സൊസൈറ്റിയിൽ അംഗങ്ങളാക്കി. മെമ്പർമാരുടെ കഴിവിനും സാഹചര്യത്തിനും അനുസരിച്ച് ഷെയർ പിരിച്ചായിരുന്നു സൊസൈറ്റിയുടെവളർച്ച. അച്ചാറുൾപ്പെടെയുള്ള ഉത്പ്പന്ന നിർമ്മാണത്തിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ചതോടെ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ സൊസൈറ്റി തീരുമാനിച്ചു. ബാങ്ക് ലോണെടുത്തായിരുന്നു യൂണിറ്റിലേക്ക് യന്ത്രോപകരണങ്ങൾ വാങ്ങിയത്. സംഘത്തിലെ ഒരു അംഗം നൽകിയ സ്ഥലത്ത് പണിത കെട്ടിടം നിർമ്മാണ യൂണിറ്റാക്കി. 12 തൊഴിലാളികളുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രവർത്തനക്ഷമമായി.

ജൈവ രീതിയിലുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് തയ്യാറാക്കിയ പലതരം അച്ചാറുകൾ ഇന്ന് വിപണിയിൽ എത്തിക്കുന്നുണ്ട്. ചേന, മാങ്ങ, ചക്ക, പാവക്ക, ഇഞ്ചി, അമ്പഴങ്ങ, നാരങ്ങ, മീൻ തുടങ്ങി പതിനഞ്ചോളം അച്ചാറുകൾ ഡൈനാസ്റ്റിയുടെ ബ്രാൻഡിൽ വിപണിയിലുണ്ട്.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നവരുടെ കൃഷി യിടത്തിലെത്തി ഉത്പ്പന്നങ്ങൾ ശേഖരിക്കുകയാണ് ചെയ്യുന്നത്. കൂടാതെ സൊസൈറ്റി അംഗങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങളും ശേഖരിക്കും

ഗുണനിലവാരത്തിൽ ഡൈനാസ്റ്റിയുടെ അച്ചാറുകൾ മുന്നിട്ടുനിൽക്കുന്നതിനാൽ നബാർഡിന്റെ കീഴിൽ നടന്ന രണ്ട് എക്‌സിബിഷനുകളിൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചു. ഇതോടെ അച്ചാറുകളുടെ വിപണന സാദ്ധ്യത വർദ്ധിച്ചു. ഇപ്പോൾ എറണാകുളം, കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ അച്ചാർ ലഭ്യമാണ്.

അംഗങ്ങളുടെ സാമൂഹിക-സാമ്പത്തിക-സാംസ്‌ക്കാരിക ഉന്നമനത്തിനായി കൂടുതൽ തുക ആവശ്യമായതിനാൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനുള്ള ആലോചനയിലാണ് ഡൈനാസ്റ്റി.

കുടുംബ ബന്ധങ്ങളുടെ ഇഴ അറ്റുപോകാതിരിക്കാൻ മാസത്തിലൊരിക്കൽ കുടുംബ കൂട്ടായ്മയുണ്ട്. കുടുംബങ്ങളുടെ പൊതു പ്രശ്‌നങ്ങളും വിദ്യാർത്ഥികളുടെ പഠനവും ജോലിയുമെല്ലാം ചർച്ച ചെയ്ത് പരിഹരിക്കുന്നതാണ് ഓരോ കൂട്ടായ്മയും. കുടുംബാംഗങ്ങളുടെയോ അവരുമായി ബന്ധപ്പെട്ടവരുടെയോ, പരിസരവാസികളുടെയോ വിവാഹം തുടങ്ങിയ ചടങ്ങുകൾക്ക് ഡൈനാസ്റ്റിയുടെ വക സഹായവുമുണ്ട്. കുട്ടികൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി കുട്ടികൾക്ക് മാത്രമായി കുട്ടി സംഘവും പ്രവർത്തിക്കുന്നു.

ഒരു വർഷം പിന്നിടുന്ന സംഘത്തിന് കാൽ കോടി രൂപയുടെ നിക്ഷേപമുണ്ട്. നിക്ഷേപത്തിന്റെ ലാഭ വിഹിതം.മെമ്പർമാർക്ക് തുല്യമായാണ് വീതിക്കുന്നത്.കൂടാതെ തൊഴിൽ ചെയ്യുന്ന മുഴുവൻ പേർക്കും ശമ്പളവും നൽകും.

ഇവർ സാരഥികൾ

16 അംഗങ്ങൾ അടങ്ങുന്നതാണ് ആനപ്പാറ ഡൈനാസ്റ്റിയുടെ ഭരണ സമിതി. പ്രസിഡന്റ്: കെ.കെ. രാജു, വൈസ് പ്രസിഡന്റ് സുനില, സെക്രട്ടറി സജീവൻ, ജോയിന്റ് സെക്രട്ടറി സുനിൽ, ട്രഷറർ അജയകുമാർ.