church
മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരിഫാ. സിബിൻ താഴെത്തെക്കുടി പതാക ഉയർത്തുന്നു. ഒ.ആർ.കേളു എം.എൽ.എയും വിവിധ മതസംഘ‌ടനാ നേതാക്കളും സമീപം.

മാനന്തവാടി: വടക്കേ വയനാട്ടിലെ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ പരിശുദ്ധ മാർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ഇതര ആരാധനാലയങ്ങളിൽ നിന്ന് വ്യത്യസ്തമായി വിവിധ മതക്കാരുടെ സംഗമസ്ഥാനമെന്ന നിലയിൽ ഏറെ പ്രശസ്തമാണ് തൃശ്ശിലേരി പെരുന്നാൾ. തൃശ്ശിലേരി മഹാ ദേവക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രംഎന്നിവിടങ്ങളിലെ ഭാരവാഹികൾ പള്ളിയിലെത്തി നേർച്ചസദ്യയ്ക്ക് ആവശ്യമായ അരി സമർപ്പിക്കുകയും കൊടിയേറ്റിൽ സംബന്ധിക്കുകയും ചെയ്യുന്നത് വേറിട്ട അനുഭവമാണ്.

തൃശ്ശിലേരി പള്ളിയുടെ മതസൗഹാർദ്ദം ഊട്ടി ഉറപ്പിക്കുന്നതിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും തൃശ്ശിലേരി പള്ളിയുടെ മാതൃക അഭിനന്ദനാർഹമാണെന്ന്‌ കൊടിയേറ്റ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഒ.ആർ. കേളു എം എൽ എ പറഞ്ഞു. ഒക്ടോബർ 4ന് രാവിലെ നടക്കുന്ന കാൽനട തീർത്ഥയാത്രയിൽ ഉദയനാണ് കെടാവിളക്കേന്തുക. പെരുന്നാൾ ഏറ്റു കഴിക്കുന്നതിലും ഭൂരിഭാഗം പേരും ഇതര മതസ്ഥരാണ്. ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ കോതമംഗലമെന്നാണ് അറിയപ്പെടുന്നത്.

ഇന്നലെ രാവിലെ കുർബാനക്ക് ശേഷം വികാരിഫാ. സിബിൻ താഴെത്തെക്കുടി കൊടി ഉയർത്തി. തൃശ്ശിലേരി മഹാദേവ ക്ഷേത്രംഭാരവാഹി പി.ടി. ഗോപിനാഥൻ, വി.വി നാരായണ വാര്യർ, തൃശ്ശിലേരി ജുമാ മസ്ജിദ്ഭത്തീബ് മുത്തലിബ് അമാനി, മഹല്ല് പ്രസിഡന്റ് റഷീദ് തൃശ്ശിലേരി,സെക്രട്ടറി സി. മജീദ്, അരീക്കര ഭഗവതി ക്ഷേത്രം ഭാരവാഹി വി.വി. രാമകൃഷ്ണൻഎന്നിവർ നേർച്ച സദ്യക്ക് ആവശ്യമായ അരി സമർപ്പിച്ചു. തൃശ്ശിലേരി സിഎസ്‌ഐപള്ളി വികാരി റവ സിബിൻ സ്റ്റാൻലി, ഫാ. ബേസിൽ കരിനിലത്ത്, തിരുനെല്ലിപഞ്ചായ്ത്ത് അംഗങ്ങളായ ധന്യ ബിജു, കെ.കെ. വിഷ്ണു എന്നിവർ പ്രസംഗിച്ചു.ട്രസ്റ്റി പി.കെ. സ്‌കറിയ, സെക്രട്ടറി ചാക്കോ വരമ്പേൽ, ജനറൽ കൺവീനർ ബിജുതട്ടായത്ത്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, പി.കെ. ജോണിഎന്നിവർ നേതൃത്വം നൽകി.