കൽപ്പറ്റ:വയനാട് വൈത്തിരി ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി. ജലീലിന്റെ മരണം സംബന്ധിച്ച് പൊലീസ് പറഞ്ഞ കാര്യങ്ങൾ മുഴുവനും കള്ളത്തരമാണെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമായി.
ജലീലിനെ പൊലീസുകാർ വെടിവച്ച് കൊന്നതാണെന്ന് ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയുമായ സി.പി.റഷീദ് ആരോപിച്ചിരുന്നു. 2019 മാർച്ച് 7 നാണ് ജലീൽ കൊല്ലപ്പെട്ടത്. റിസോർട്ടിലെത്തിയ മാവോയിസ്റ്ര് സംഘം പൊലീസിനുനേരെ വെടിയുതിർത്തപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ ജലീൽ കൊല്ലപ്പെട്ടെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാൽ,റിസോർട്ടിൽ അന്ന് രാത്രി ഏറ്റുമുട്ടൽ നടന്നിട്ടില്ലെന്ന് ഉപവൻ റിസോർട്ട് മാനേജർ വ്യക്തമാക്കിയിരുന്നു.
ജലീലിന്റേതെന്ന് പറഞ്ഞ് പൊലീസ് ഹാജരാക്കിയ തോക്കിൽനിന്ന് വെടിയുണ്ട ഉതിർന്നിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിലും പറയുന്നു.
സത്യം വിജയിക്കുമെന്നും, മകനെ വെടിവച്ച് കൊന്ന പൊലീസുകാർക്കെതിരെ നിയമ പോരാട്ടം തുടരുമെന്നും ജലീലിന്റെ ഉമ്മ അലീമയും മകൻ റഷീദും കേരളകൗമുദിയോട് പറഞ്ഞു.
പൊലീസ് പറയുന്നത് പോലെ മാവോയിസ്റ്റുകൾ വെടി വച്ചിട്ടില്ല. കണ്ടെടുത്ത വെടിയുണ്ടകൾ 7.62 എം.എം. കാലിബറുളള സർവീസ് റൈഫിളുകളിൽ നിന്ന് ഉപയോഗിക്കാൻ അനുയോജ്യമായതാണെന്നും അവർ പറഞ്ഞു.