ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങളുടെ പ്രചാരകനെയാണ് ഷാജിബോൺസലെയുടെ വേർപാടിലൂടെ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നഷ്ടമായത്. വാഗ്മി, മികച്ച സംഘാടകൻ, കമന്ററേറ്റർ എന്നിങ്ങനെ നിറസാന്നിദ്ധ്യമായിരുന്നു ഷാജിബോൺസലെ. അർബുദ രോഗത്തെ തുടർന്ന് ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം.

കോൺഗ്രസ് പ്രവർത്തകനും കേരളാ ആത്മവിദ്യാ സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മുഖപ്പിൽ കുടുംബത്തിൽ പരേതനായ എം.കെ.ദാമോദരദാസിന്റെയും ആത്മവിദ്യാ മഹിളാ സമാജം ഭാരവാഹിയായിരുന്ന രുദ്രാണിപ്പണിക്കത്തിയുടേയും അഞ്ചു മക്കളിൽ ഏറ്റവും ഇളയമകനായി 1957ജൂലൈയ് 12ന് ജനിച്ച ഷാജി ബോൺസലെ ചരിത്രത്തിൽ ബിരുദം നേടിയ ശേഷം പാരലൽ കോളേജ് അദ്ധ്യാപകനായി ജോലി നോക്കി. 1984ൽ സർക്കാർ സർവീസിൽ ക്‌ളാർക്കായി ജോലി ലഭിച്ചു. 2013ൽ സബ്ജ് രജിസ്ട്രാറായി സർവീസിൽ നിന്ന് വിരമിച്ചു. സജീവ പൊതു പ്രവർത്തകനായിരുന്ന പിതാവിന്റെ പാത ചെറുപ്പം മുതൽ പിൻതുടർന്നു. ഏഴു വയസുള്ളപ്പോൾ ശ്രീവാഗ്ഭടാനന്ദ ബാലസമാജം പ്രവർത്തകൻ എന്ന നിലയിൽ പ്രവർത്തനം തുടങ്ങി. പിന്നീട് ശ്രീവാഗ്ഭടാനന്ദ യുവജന സമാജം ഭാരവാഹി, 45-ാംനമ്പർ ആത്മവിദ്യാസംഘം സെക്രട്ടറി, കേരളാ ആത്മവിദ്യാസംഘം ബോർഡു മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. കെ.എസ്.യുവിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.കെ. രാജൻ, എം.മുരളി എന്നിവരോടൊപ്പം പ്രവർത്തിച്ചു. കോളേജ് യൂണിയൻ ഭാരവാഹി, കെ.എസ്.യു കാർത്തികപ്പള്ളി താലൂക്ക് വൈസ് പ്രസിഡന്റ്, ജില്ലാക്കമ്മറ്റി അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.

തീരദേശ കയർ തൊഴിലാളി യൂണിയന്റെ ജില്ലാ സ്രെകട്ടറിയായി ട്രേഡ് യൂണിയൻ രംഗത്തും സാന്നിദ്ധ്യമറിയിച്ചു. യൂത്ത് കോൺഗ്രസ് ഹരിപ്പാട് ബ്‌ളോക്ക് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ് സർക്കാർ സർവീസിൽ ജോലി ലഭിച്ചത്. ഇതോടെ പ്രത്യക്ഷ രാക്ഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ചു. മുപ്പതു വർഷക്കാലം കേരളാ എൻ.ജി.ഒ അസോസിയേഷനിൽ പ്രവർത്തിച്ചു. ഗസ്സറ്റഡ് ഓഫീസേഴ്സ് അസോസിയേഷനിലും പ്രവർത്തിച്ചു.

തികഞ്ഞ ശ്രീനാരായണ ഗൂരുദേവ ഭക്തനായിരുന്നതിനാൽ തന്റെ പ്രവർത്തന മേഖല എസ്.എൻ.ഡി.പി. യോഗ രംഗത്തേക്കു കൂടി വ്യാപിപ്പിച്ചു.1987മുതൽ അഞ്ചുവർഷം കാർത്തികപ്പള്ളി യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി, പിന്നീട് അഞ്ചു വർഷം യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് , 1990മുതൽ ഇരുപതു വർഷം തുടർച്ചയായി യോഗം ഡയറക്ടർ ബോർഡ് അംഗം, മൂന്നു വർഷം യോഗം കൗൺസിൽ അംഗം, ഒന്നര വർഷം യോഗം അസിസ്റ്റന്റ് സെക്രട്ടറി, മൂന്നര വർഷം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗുരുധർമ്മ പ്രചാരണ സഭയുടെ കാർത്തികപ്പള്ളി താലൂക്ക് പ്രസിഡന്റായിരുന്നു. ഇരുപതു വർഷമായി എസ്.എൻ ട്രസ്റ്റ് ബോർഡു മെമ്പറാണ്. പല്ലനയാറ്റിൽ നടക്കുന്ന മഹാകവി കുമാരനാശാൻ ജലോത്സവത്തിന്റെ ആദ്യ കാല സംഘാടകനാണ്. പന്ത്രണ്ടു വർഷം ആകാശവാണിക്കുവേണ്ടി നെഹ്രു ട്രോഫി ജലോത്സവത്തിന്റെ കമന്റേറ്ററായി പ്രവർത്തിച്ചു,