
ആലപ്പുഴ: അപകടമേഖലകളിൽ കൈത്താങ്ങാവുന്ന ഫയർഫോഴ്സിന്റെ ജില്ലാ ഓഫീസ് കെട്ടിടം 'അപകടനില' തരണം ചെയ്യാൻ അധികൃതരുടെ കനിവു തേടുന്നു. ജില്ലയിലെ ഫയർഫോഴ്സിന്റെ ആസ്ഥാന ഓഫീസിന് മാന്യമായൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വെള്ളപ്പൊക്കത്തിന്റെ സൂചന ഉണ്ടാവുമ്പോൾത്തന്നെ ഫയർ ഓഫീസ് വെള്ളത്തിലാവും. ആദ്യം സ്വന്തം ഓഫീസിൽ രക്ഷാപ്രവർത്തനം നടത്തിയ ശേഷം മാത്രമേ പുറത്തേക്കിറങ്ങാൻ കഴിയൂ എന്നതാണ് ദുരവസ്ഥ!
ജില്ലാ ആഫീസിന് പുതിയ കെട്ടിടം എന്ന ആഗ്രഹ സാഫല്യത്തിനായി 2001 മുതൽ ആറിലധികം പദ്ധതികൾ ഇടത്-വലത് സർക്കാരുകൾക്ക് സമർപ്പിച്ചിരുന്നു. ആദ്യം 25 ലക്ഷത്തിന്റെ പദ്ധതിയാണ് 2001ൽ സമർപ്പിച്ചത്. 2006ൽ വി.എസ് സർക്കാരിന്റെ കാലത്ത് സി ആകൃതിയിൽ ഒറ്റനില കെട്ടിടത്തിന് സമർപ്പിച്ച പദ്ധതിക്കും ജീവനക്കാരുടെ ക്വാർട്ടേഴ്സിനുമായി 2.5 കോടി അനുവദിച്ചു. എന്നാൽ കെട്ടിടം നിർമ്മിക്കാൻ കരുത്തുള്ള പ്രതലമല്ലെന്ന് പരിശോധനയിൽ വ്യക്തമായി. ഈ തുക ജില്ലാ ജയിൽ നിർമ്മിക്കാനായി വകമാറ്റി. 2018ൽ 10.57 കോടിയുടെ 1400 ചതുരശ്ര മീറ്റർ വലിപ്പത്തിൽ ഇരുനില കെട്ടിട സമുച്ചയം പണിയാൻ പദ്ധതി സമർപ്പിച്ചു. അംഗീകാരം വന്നപ്പോഴേക്കും പദ്ധതി പ്രദേശം നഗര വികസനത്തിന്റെ ഭാഗമായ മൊബൈലിറ്റി ഹബ്ബ് പദ്ധതിയിലായി. കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ സ്ഥലം വിട്ടു നൽകുന്നതിനെ അന്നത്ത് ഫയർഫോഴ്സ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി എതിർത്തു. ഇതോടെ പദ്ധതിയുടെ എസ്റ്റിമേറ്റ് പുതുക്കി വീണ്ടും സർക്കാരിൽ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ അധികൃതർ.
വല്ലാത്ത പരാധീനത
ജില്ലാ ഫയർ ഓഫീസിൽ 88 ജീവനക്കാരുണ്ട്. ഇതിൽ എട്ടുപേർ പുനർവിന്യാസത്തിൽ മറ്റ് സ്റ്റേഷനുകളിലും ശേഷിക്കുന്നവർ മൂന്ന് ഷിഫ്റ്റുകളിലായും ജോലി നോക്കുന്നു. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും പരിമിതമാണ്. മഴക്കാലത്ത് വിശ്രമമുറിയിൽ വെള്ളം കയറും. ജില്ലാ ഫയർ ഓഫീസറുടെ മുറിയിലും ശ്വാസംമുട്ടലാണ്. അരൂർ, തകഴി, ഹരിപ്പാട് സ്റ്റേഷനുകൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും ഒന്നും നടന്നില്ല. തകഴിയിൽ സ്വന്തമായി സ്ഥലമുണ്ടെങ്കിലും പദ്ധതി തയ്യാറാക്കിയില്ല. ചെങ്ങന്നൂരിൽ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ട് കെട്ടിട സമുച്ചയ നിർമ്മാണം ആരംഭിച്ചു. അരൂരിൽ സ്വന്തമായി സ്ഥലമില്ല.
...................................
പുതിയ കെട്ടിട സമുച്ചയം എന്ന ലക്ഷ്യം കൈവരിക്കും വരെ സർക്കാരിൽ പദ്ധതികൾ സമർപ്പിക്കും. കഴിഞ്ഞ വർഷം സമർപ്പിച്ച പദ്ധതി പരിഷ്കരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്ത് വകുപ്പിന് കത്ത് അയച്ചു. ഇന്നലെ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി
അഭിലാഷ്, ജില്ലാ ഫയർ ഓഫീസർ