
വാതിലടയ്ക്കാൻ തയ്യാറായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നിട്ടും പാരലൽ കോളേജുകളുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുന്നു. വിദൂര വിദ്യാഭ്യാസത്തിന് സർക്കാർ വിലാസം അടിത്തറ വരുന്നതോടെ ഈ വാതിലുകൾ എന്നെന്നേക്കുമായി അടയും. ഇതോടെ സമാന്തര വിദ്യഭ്യാസ മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന വിദ്യാസമ്പന്നരായ ആയിരക്കണക്കിന് യുവാക്കൾക്ക് നിലവിലെ വരുമാനമാർഗം അടയും.
കെട്ടിടവാടക കൊടുക്കാൻ കഴിയാത്തതിനാൽ മിക്ക സ്ഥാപനങ്ങളും 'സാമ്പത്തിക'മായും അടച്ചുപൂട്ടലിലേക്കു നീങ്ങുകയാണ്. മാസങ്ങളായി വരുമാനം നിലച്ചതോടെ അദ്ധ്യാപകരിൽ പലരും പലവിധ ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. ശരാശരി 100 കുട്ടികൾ പഠിക്കുന്ന പരലൽ കോളേജുകളിൽ ഒരു വർഷം 3- 4 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നു. സർക്കാർ സഹായം അഭ്യർത്ഥിച്ച് പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകൾ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ക്ഷേമനിധിയോ മറ്റേതെങ്കിലും ആനുകൂല്യങ്ങളോ പാരലൽ മേഖലയിലെ അദ്ധ്യാപകർക്കില്ല.
റെഗുലർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടാൻ കഴിയാതെ പോയ ആയിരക്കണക്കിന് കുട്ടികൾക്ക് ആശ്വാസം പകർന്ന ഇരിപ്പിടങ്ങളായിരുന്നു പാരലൽ കോളേജുകളിലേത്. തൊഴിൽ രഹിതരായ, ഉന്നത വിദ്യാഭ്യാസമുള്ള യുവതീ യുവാക്കൾക്ക് ജോലി ലഭിക്കുംവരെയുള്ള ഇടത്താവളങ്ങളായിരുന്നു ഇവ. ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിദൂര വിദ്യാഭ്യാസം സജീവമാകുന്നതോടെ പാരലൽ കോളേജുകളിലെ രജിസ്ട്രേഷനുകൾ അവസാനിക്കും.
റെഗുലർ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഇ ഗ്രാന്റ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങൾ, ബസ് കൺസഷൻ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാന്റ് തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കുമുണ്ട്. എന്നൽ വിദൂര വിദ്യാഭ്യാസത്തിൽ ഇൗ ആനുകൂല്യങ്ങൾ ഉണ്ടാവില്ല. സിലബസും പരീക്ഷയും മൂല്യനിർണയവും സർട്ടിഫിക്കറ്റും ഏകീകൃതമായിരുന്നു.
 ആകെ പാരലൽ കോളേജുകൾ: 33
 അദ്ധ്യാപകർ: 600
.....................................
ഒാൺലൈൻ ക്ലാസുകൾ
ഇൗ അദ്ധ്യയന വർഷം പാരലൽ കോളേജുകാർ പുതിയ അഡ്മിഷനുകൾ സ്വീകരിച്ചിട്ടില്ല. പ്രൈവറ്റ് രജിസ്ട്രേഷനുകൾ നിറുത്തുന്നതിലുള്ള വ്യക്തതക്കുറവാണ് കാരണം. വിദൂര പഠനത്തിന് ചേരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങളിൽ സർവകാലാശാലയ്ക്ക് നേരിട്ട് പങ്കുണ്ട്. അതിനാൽ ഇൗ സംവിധാനത്തി|ൽ പാരലൽ കോളേജുകൾ ആവശ്യമില്ല. എന്നാൽ നേരത്തെയുള്ള വിദ്യാർത്ഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ നൽകുന്നുണ്ട്.
പാരലൽ കോളേജ് മേഖല കൊവിഡ് കാലത്ത് പ്രതിസന്ധിയിലാണ്. സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുകയാണ് മാനേജ്മെന്റ്. വിദ്യാർത്ഥികൾക്ക് ഒാൺലൈൻ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിലും ഫീസ് അടയ്ക്കുന്നവർ വിളരമാണ്. വിദൂരവിദ്യാഭ്യാസം നടപ്പാക്കുകയാണെങ്കിൽ പ്രൈവറ്റ് രജിസ്ട്രേഷനുകൾ നിറുത്തും.ഇതോടെ പാരലൽ കോളേജുകൾ കേരളത്തിൽ നിന്ന് തുടച്ചുമാറ്റപ്പെടും
(കെ.ആർ.അശോകൻ,പാരലൽ കോളേജ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി)
..................................
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചതിൽ പ്രതിസന്ധി നേരിടുന്നത് പാരലൽ കോളേജുകളാണ്. പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ രക്ഷിക്കാനായി സർക്കാർ ഇടപെടണം. നിലവിൽ ബാങ്ക് ലോൺ എടുത്താണ് കെട്ടിട വാടകയും അദ്ധ്യാപകരുടെ ശമ്പളവും നൽകുന്നത്
(കെ.ടി.ഗോപാലകൃഷ്ണൻ,പാരലൽ കോളേജ് അസോ.ജില്ലാ പ്രസിഡന്റ് )