
ആധാരം സ്വയം തയ്യാറാക്കുന്നവരുടെ എണ്ണം കുറവ്
ആലപ്പുഴ: ആധാരങ്ങൾ സ്വയം തയ്യാറാക്കി രജിസ്റ്റർ ചെയ്യാൻ രജിസ്ട്രേഷൻ വകുപ്പ് സൗകര്യമൊരുക്കി നാല് വർഷം കഴിഞ്ഞിട്ടും ഇത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണത്തിൽ കുറവ്. ഇതുവരെ 200 ആധാരങ്ങളാണ് ആലപ്പുഴ ജില്ലയിൽ ഉടമകൾ സ്വയം തയ്യാറാക്കി രജിസ്റ്റർ ചെയ്തത്.
നടപടി ക്രമങ്ങളുടെ ബുദ്ധിമുട്ടും കാലതാമസവുമാണ് ആധാരമെഴുത്തിൽ നിന്ന് വ്യക്തികളെ പിൻവലിക്കുന്നത്. സ്വയം തയ്യാറാക്കി സമർപ്പിക്കുന്ന ആധാരത്തിൻ മേൽ പല ധനകാര്യസ്ഥാപനങ്ങളും വായ്പ നിഷേധിച്ചതും ഇരുട്ടടിയായി.ആധാരങ്ങളുടെ നിയമസൂക്ഷ്മത പരിശോധന നടത്തുന്ന അഭിഭാഷകൻ വിവിധ സംശയങ്ങൾ ഉന്നയിക്കുന്നതോടെ ബാങ്ക് വായ്പ നിഷേധിക്കും. ഇക്കാരണത്താലാണ് പലരും രജിസ്ട്രേഷൻ നടപടികൾക്കായി വീണ്ടും ആധാരം എഴുത്ത് ഓഫീസുകളെ ആശ്രയിക്കുന്നത്.
മുന്നാധാരം പരിശോധിക്കുക, അവകാശക്രമങ്ങൾ വിശദീകരിക്കുക തുടങ്ങിയ പരമ്പരാഗത ശൈലികളും, വിവിധ വകുപ്പുകളിൽ കയറിയിറങ്ങുന്ന ബുദ്ധിമുട്ടുമാണ് സാധാരണക്കാർക്ക് തലവേദനയാകുന്നത്. വസ്തു രജിസ്റ്റർ ചെയ്യുന്നവരെ ഉദ്ദേശിച്ച് ആധാരം എഴുത്തിന്റെ 19 മാതൃകകളാണ് രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവ ഡൗൺലോഡ് ചെയ്ത് രജിസ്ട്രേഷന് വേണ്ടി സമർപ്പിക്കാം. പൂരിപ്പിക്കാൻ സംശയമുള്ളവർക്ക് സബ് രജിസ്ട്രാറുടെ സഹായം തേടാം. എന്നാൽ പലപ്പോഴും ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ സഹായം ലഭിക്കാറില്ലെന്നാണ് വ്യാപകമായ പരാതി. ആധാരം എഴുത്ത് കൂലിയിൽ നിന്ന് മുക്തരാകാം എന്നതാണ് നിയമം കൊണ്ടുവന്നത് വഴി സർക്കാർ ഉദ്ദേശിച്ചത്.
സാധാരണക്കാർ നേരിടുന്ന പ്രതിസന്ധികൾ
റവന്യൂ വകുപ്പിലെ നടപടി ക്രമങ്ങൾ
ട്രഷറിയിൽ തുക അടച്ച് ചെലാൻ രജിസ്ട്രേഷൻ സമയത്ത് ഹാജരാക്കണം
ഐ.ഡി തയാറാക്കി ടോക്കൺ രജിസ്റ്റർ ചെയ്യണം
അക്ഷരത്തെറ്റും സാങ്കേതിക പിഴവുകളുമില്ലാതെ പത്രം പ്രിന്റ് ചെയ്തെടുക്കണം
കൈക്കൂലിക്ക് തട
രജിസ്ട്രാർ ഓഫീസുകളിൽ ഒരു ആധാരം രജിസ്ട്രേഷന് രണ്ടായിരം മുതൽ മൂവായിരം രൂപ വരെ വിവിധ തട്ടിലുള്ള ഉദ്യോഗസ്ഥർ കൈക്കലാക്കാറുണ്ടെന്ന്നേരത്ത പരാതിയുയർന്നിരുന്നു. എന്നാൽ ജി.സുധാകരൻ വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം കൈക്കൊണ്ട ശക്തമായ നടപടികൾ കാരണം ഇത്തരം പ്രവണതകൾക്ക് ഒരു പരിധിവരെ തടയിടാനായിട്ടുണ്ട്.
സ്വയം ആധാരം തയ്യാറാക്കി രജിസ്ട്രേഷന് വരുന്നവർ വളരെ കുറവാണ്. എഴുത്തിന് പുറമേ, റവന്യൂ വകുപ്പിലെ നീക്കുപോക്കുകളും പൂർത്തിയാക്കേണ്ടതുണ്ട്. രജിസ്ട്രേഷന് മുമ്പ് ഡ‌്രാഫ്റ്റ് തയ്യാറാക്കി കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. അങ്ങനെ ചെയ്താൽ തെറ്റ് പരിഹരിക്കാൻ സാധിക്കും. സ്വയം ആധാരം തയ്യാറാക്കാൻ കൂടുതൽ ആളുകൾ മുന്നോട്ട് വന്നാൽ ഇടനിലക്കാരെ ഒഴിവാക്കാനാകും
- ജില്ലാ രജിസ്ട്രാർ
മുന്നാധാരങ്ങളുടെ പരിശോധനയും അവകാശക്രമം തയാറാക്കലും ലൈസൻസുള്ള ആധാരം എഴുത്തുകാർ തന്നെ ചെയ്യണം. ഇല്ലെങ്കിൽ നിരവധി തെറ്റുകൾ കടന്നുകൂടും. രജിസ്ട്രേഷന് സാധിക്കുമെങ്കിലും ഭാവിയിൽ കോടതി വ്യവഹാരങ്ങളിൽ തടസം നേരിട്ടേക്കാം
- മുരളീധരൻ നായർ, ആധാരം എഴുത്തുകാരൻ
ആധാരം എഴുത്തുകാരെ ആശ്രയിക്കേണ്ടതില്ലെന്ന് പറയുന്ന സർക്കാർ തന്നെ കഴിഞ്ഞ വർഷവും ലൈസൻസികൾക്കുള്ള പരീക്ഷ നടത്തി. രജിസ്ട്രേഷൻ നടപടികളിൽ വലിയ തുക ആധാരം എഴുത്തിന് ചെലവാകുന്നതായി പൊതു ധാരണയുണ്ട്. എന്നാൽ യഥാർത്ഥത്തിൽ എട്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും, രണ്ട് ശതമാനം രജിസ്ട്രേഷൻ ഫീസിനത്തിലുമാണ് ചെലവാകുന്നത്.
- വിവേക് ബാബു, ആധാരം എഴുത്തുകാരൻ