
ആലപ്പുഴ: ജില്ലയിൽ 3.33 ലക്ഷത്തോളം വരുന്ന വയോജനങ്ങൾക്ക് സംരക്ഷണം നൽകുക എന്ന പ്രധാന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന 'കരുതാം ആലപ്പുഴയെ' കൊവിഡ് പ്രതിരോധ തീവ്രയജ്ഞത്തിന് തുടക്കമായി. വയോജനദിനമായ ഇന്നലെ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ 'മാസ്ക് എന്ന വാക്സിൻ' പദ്ധതിയുടെ ഫ്ലാഗ് ഒഫ് കളക്ടർ എ.അലക്സാണ്ടർ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നിർവഹിച്ചു.
രണ്ട് വാഹനങ്ങളിലായി ജില്ലയിലെ എല്ലാ വയോജനകേന്ദ്രങ്ങളിലും മാസ്കുകൾ എത്തിക്കും. കരുതാം വയോജനങ്ങളെ, കരുതൽ അണുനശീകരണത്തിലൂടെ, കരുതലോടെ വാങ്ങാം, കരുതലോടെ വിപണനം, കരുതലോടെ തൊഴിലിടങ്ങൾ, കരുതലോടെ ചടങ്ങുകൾ, കരുതലോടെ അതിഥിസുരക്ഷ, കരുതാം തീരനാടിനെ തുടങ്ങി വിവിധ പരിപാടികളാണ് ഒരു മാസക്കാലം സംഘടിപ്പിക്കുന്നത്. സബ് കളക്ടർ അനുപം മിശ്ര ചീഫ് കമാൻഡറും ജിബിൻ ബാബു ഡെപ്യൂട്ടി കമാൻഡന്റുമായിട്ടുള്ള സ്പെഷ്യൽ ടീം ഫോർ ആക്ഷൻ റഡിനെസ് (സ്റ്റാർ) എന്ന വോളണ്ടിയർ ടീമാണ് മാസ്ക് കാംപെയിന് ചുക്കാൻ പിടിക്കുന്നത്. പൊതുജനങ്ങളുടെ പങ്കാളിത്തം സോഷ്യൽ മീഡിയയിലൂടെ ഉറപ്പാക്കാൻ കരുതാം ആലപ്പുഴയെ എന്ന ഫേസ് ബുക്ക് പേജ് തയ്യാറാക്കിയിട്ടുണ്ട്. karuthamalappuzhaye@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫോട്ടോയും റിപ്പോർട്ടും പൊതുജനങ്ങൾക്ക് അയയ്ക്കാം. ജില്ലയിൽ കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ഒക്ടോബർ 31 വരെ പ്രതിരോധ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.