
ചേർത്തല: ഗാന്ധിജിയുടെ ഏകമത സന്ദേശം പ്രതിഫലിപ്പിക്കുന്ന മനോഹര ചിത്രം രചിച്ച്, അക്രൈലിക് പെയിന്റിംഗ് നൈഫ് വർക്കിൽ വിസ്മയം സൃഷ്ടിക്കുകയാണ് ചിത്രകാരനായ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് കരിക്കാട് ചെറുപറമ്പിൽ സലിൻ.
എസ്.എൻ പുരം ഗാന്ധിസ്മാരക സേവാ കേന്ദ്രത്തിലെ ഫോട്ടോ ഗാലറിയിൽ പ്രദർശിപ്പിക്കാനായി അവരുടെ ആവശ്യപ്രകാരമാണ് ചിത്രം തയ്യാറാക്കിയത്.ഗാന്ധിജി ഗുരുവിനെ കാണാൻ ശിവഗിരിയിൽ എത്തിയപ്പോൾ കൂടിക്കാഴ്ചയിൽ ഗുരു നടത്തിയ ഒരുജാതി ഒരു മതം ഒരു ദൈവം എന്ന ഉദ്ബോധനമാണ് ചിത്രരചനയ്ക്ക് അടിസ്ഥാനം.
നങ്ങേലി ഉൾപ്പെടെ ചരിത്ര പ്രാധാന്യം അർഹിക്കുന്ന മഹാൻമാരുടെ ചിത്രങ്ങളും സന്ദേശങ്ങളും ഉൾക്കൊണ്ട് കാലിക പ്രസക്തിയുള്ള ധാരാളം ചിത്രങ്ങളാണ് സലിൻ വരച്ചിട്ടുള്ളത്. പ്രശസ്ത ചിത്രകാരൻ കെ.കെ.വാര്യരുടെ ശിക്ഷണത്തിൽ ചിത്രരചന അഭ്യസിച്ച സലിൻ കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്. മത്സ്യഫെഡ്,കയർ കോർപ്പറേഷൻ,വിവിധ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർ വിദ്യാർത്ഥികൾക്ക് ചിത്രരചനയിൽ അഭരുചി വളർത്താൻ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക് നേതൃത്വം നൽകുകയും മറ്റ് ഇതര മത്സരങ്ങളിൽ വിധികർത്താവാകുകയും ചെയ്തിട്ടുണ്ട്.ഭാര്യ:രജനി.മക്കൾ:അരുൺ,അരുണ്യ. ചിത്രം ഗാന്ധിസ്മാരക സേവാ കേന്ദ്രത്തിന് കൈമാറി.