ചേർത്തല:കൊല്ലം എസ്.എൻ കോളേജിന് പ്രവർത്തന മികവിനുള്ള നാഷണൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡ് ലഭിച്ചത് അഭിമാനകരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ കോളേജിന് അകത്തും പുറത്തും നടന്ന സാമൂഹിക,കാർഷിക,വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികൾ,പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,വീടില്ലാത്ത കുട്ടിക്ക് വീട് വച്ചുകൊടുത്തത് ഉൾപ്പെടെയുള്ള ജീവ കാരുണ്യപ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് ലഭിച്ചതെന്ന് മനസിലാക്കുന്നു. 2003 ൽ സംസ്ഥാന അവാർഡ് കിട്ടിയ ശേഷം 16 വർഷം കഴിഞ്ഞാണ് കൊല്ലം എസ്.എൻ കോളജ് ഇക്കുറി ജേതാക്കളായത്. കേരള യൂണിവേഴ്‌സി​റ്റിയുടെ 2018-19 വർഷത്തെ ഓവറോൾ എൻ.എസ്.എസ് യൂണി​റ്റ്, പ്രോഗ്രാം ഓഫീസർ അവാർഡ്, ഹരിതമിഷൻ
ജില്ലാതല,സംസ്ഥാന അവാർഡ്,ദേശീയ അടൽ റാങ്കിംഗ് അവാർഡ് എന്നിവ നേരത്തേ ലഭിച്ചിരുന്നു.
നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കറിന്റെയും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഡോ.എസ്. വിഷ്ണുവിന്റെയും പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നാഷണൽ സർവീസ് സ്‌കീമിന്റെ ഉദ്ദേശശുദ്ധി മനസിലാക്കി പ്രവർത്തിക്കാൻ കൊല്ലം ശ്രീനാരായണ കോളേജിന് കഴിഞ്ഞു.കോളേജിന്റെ അഭിമാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച നിലവിലെ പ്രിൻസിപ്പൽ ഡോ.ആർ.സുനിൽകുമാർ, പ്രോഗ്രാം ഓഫീസർമാർ,അദ്ധ്യാപകർ, അനദ്ധ്യാപകർ,എൻ.എസ്.എസ് വോളണ്ടിയേഴ്‌സ്,വിദ്യാർത്ഥികൾ തുടങ്ങി കോളേജിന്റെ എല്ലാവരെയും വെള്ളാപ്പള്ളി അഭിനന്ദിച്ചു.