ആലപ്പുഴ: കൊവിഡ് സമ്പർക്കം സംശയിക്കുന്ന എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലെ ജീവനക്കാർക്ക് നിരീക്ഷണത്തിൽ പോകാൻ അനുമതി നൽകി .

എക്സൈസ് കമ്മിഷണർ ഓഫീസിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും മറ്റുള്ളവർക്ക് ക്വാറന്റൈൻ അനുവദിക്കുന്നില്ലെന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.ഓഫീസിലെ ഒരു ജീവനക്കാരൻ മാത്രമാണ് പോസിറ്റീവായ വ്യക്തികളുമായി സമ്പർക്കമുണ്ടെന്ന് അറിയിച്ചിരുന്നത്. ആ ഉദ്യോഗസ്ഥന് നിരീക്ഷണത്തിൽ പോകാൻ അനുമതി നൽകിയിരുന്നു. മറ്റ് ജീവനക്കാരാരും സമ്പർക്കമുള്ളതായി അറിയിച്ചിട്ടില്ലെന്നും എല്ലാ ജീവനക്കാർക്കും കൊവിഡ് ടെസ്റ്റ് നടത്താനുള്ള അപേക്ഷ ആരോഗ്യവകുപ്പിന് നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി. സമ്പർക്കം സംശയിക്കുന്ന ഏത് ജീവനക്കാരനും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്ത ശേഷം ക്വാറന്റൈനിൽ പോകാമെന്ന് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ.അനിൽകുമാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.