പൂച്ചാക്കൽ: രാജ്യത്തെമ്പാടും ദളിത് ജനതയ്ക്കു നേരെ കൊലപാതകങ്ങളും, പീഡനങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും വർദ്ധിക്കുകയാണെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി ആൻഡ് എസ്.ടി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
പട്ടികജാതി വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. പൊലീസ് ഇരകൾക്ക് യാതൊരു പരിഗണനയും നൽകുന്നില്ലെന്നു മാത്രമല്ല, അവരെ പ്രതികളാക്കുകയും ഭയപ്പെടുത്തുകയുമാണ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ദളിത് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരേപോലെയാണ്.
വംശീയ അധിക്ഷേപത്തിനു വിധേയനായ ആർ.എൽ.വി ഡോ. രാമകൃഷ്ണന്റെ വിഷയത്തിൽ സാംസ്കാരിക വകുപ്പുമന്ത്രിയോ സാംസ്കാരിക നായകരോ അഭിപ്രായം പറയാൻ പോലും തയ്യാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. ഈ സാഹചര്യത്തിൽ ഗാന്ധിജയന്തി ദിനമായ ഇന്ന് കേരളത്തിൽ കരിദിനം ആചരിക്കും.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.വി. നടേശൻ, അഡീഷണൽ ജനറൽ സെക്രട്ടറി എൻ. മുരളി, രാജൻ അക്കരപ്പാടം, കെ. വിദ്യാധരൻ, തിലകമ്മ പ്രേംകുമാർ, സദാനന്ദൻ, അഡ്വ. ബാലകൃഷ്ണൻ, വയലാർ ധനഞ്ജയൻ, വിനയൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.