ഹരിപ്പാട്: പഞ്ചായത്ത് ജാഗ്രത സമിതികൾ എല്ലാ ആഴ്ചകളിലും കൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മണ്ഡലത്തിലെ കൊവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ചെലവാക്കുന്ന തുക ജില്ലാ കളക്ടറേറ്റിൽ നിന്ന് കൃത്യമായി തിരികെ ലഭിക്കുന്നില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ യോഗത്തിൽ കുറ്റപ്പെടുത്തി. ഇതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് ജില്ലാകലക്ടറോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സി.എഫ്.എൽ.ടി.സി യിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണം. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ കൂടുതൽ ബയോ ടോയ്‌ലെറ്റുകൾ അനുവദിക്കണം. ടെസ്റ്റ് റിസൾട്ടുകൾ വൈകുന്നത് പരിഹരിക്കണം. താലൂക്ക് കേന്ദ്രീകരിച്ച് കോവിഡ് കൺട്രോൾ റൂം തുടങ്ങാൻ നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ്, തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.