അമ്പലപ്പുഴ:അകാലത്തിൽ വേർപിരിഞ്ഞ സഹപാഠിയുടെ മക്കൾക്ക് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ. പുന്നപ്ര അറവുകാട് സ്കൂളിലെ 1996 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളാണ് പ്രിയ സഹപാഠി നൗഫലിന്റെ മൂന്ന് പൊന്നോമനകൾക്ക് പഠനച്ചെലവിനായി തുക സമാഹരിച്ചത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് ചെറുകുമാരപ്പള്ളി നൗഫൽ കഴിഞ്ഞ വർഷമാണ് മരിച്ചത്. പിതാവിനൊപ്പം മത്സ്യക്കച്ചവടം നടത്തിയിരുന്ന നൗഫൽ (39) ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. പിന്നീട് സുലൈമാന്റെയും ഭർതൃ സഹോദരൻ ഫൈസൽ എന്നിവരുടെയും തണലിലാണ് ഷംനയും മക്കളായ മുഹമ്മദ് അദിനാൻ (12), അമൻ (8), അൽ അമീൻ (3) എന്നിവർ കഴിഞ്ഞിരുന്നത്.കാൻസർ ബാധിച്ച് കഴിഞ്ഞമാസം ഷംനയും വിട പറഞ്ഞു. മാതാപിതാക്കൾ നഷ്ടപ്പെട്ട മൂന്ന് കുരുന്നുകൾ ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്.

കുട്ടികളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ നൗഫലിന്റെ സഹപാഠികൾ ഇവരെ സഹായിക്കാനായി കൈകോർക്കുകയായിരുന്നു. ക്ലാസ് മേറ്റ്സ് എന്ന പേരിൽ രൂപീകരിച്ച കൂട്ടായ്മ മുന്നിട്ടിറങ്ങിയപ്പോൾ 2,07,000 രൂപ ലഭിച്ചു.കൊവിഡ് പ്രതിസന്ധിക്കിടയിലും കുരുന്നുകൾക്ക് കൈത്താങ്ങാകാൻ ഒട്ടേറെ സുമനസുകളാണ് ഒത്തുചേർന്നത്.തുക ട്രഷറിയിൽ നിക്ഷേപിച്ചു. പി.പി.ആന്റണി, വി.എച്ച്.അൻസാർ, സിയാദ്, ഗോപകുമാർ, സുനിൽ, സാദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാമ്പത്തിക സമാഹരണം.