tv-r

തുറവൂർ: തുറവുർ ജംഗ്ഷനിൽ ബൈക്ക് മോഷണം തുടർക്കഥയാകുന്നു. രണ്ടാ ഴ്ചയ്ക്കുള്ളിൽ രണ്ട് ബൈക്കുകളാണ് രണ്ടിടങ്ങളിലായി കാണാതായത്. സെപ്തംബർ 17 ന് തുറവുർ പഞ്ചായത്ത് 12 -ാം വാർഡ് കാട്ടിക്കുന്നത്ത് അനീഷിന്റെ യൂണികോൺ ബൈക്കാണ് ആദ്യം കാണാതായത്. വടക്കേക്ഷേത്ര ഗോപുരത്തിന് സമീപം റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം തുറവൂർ മഹാക്ഷേത്ര ദർശനം കഴിഞ്ഞു അനീഷ് തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് നഷ്ടമായ വിവരമറിയുന്നത്. കുത്തിയതോട് ജനമൈത്രീ പൊലീസ് കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടാമത്തെ ബൈക്ക് മോഷണം. ദേശീയ പാതയിൽ തുറവൂർ വെസ്റ്റ് ഗവ. യു.പി.സ്കൂളിന് സമീപമുള്ള ആക്രിക്കടയ്ക്ക് മുന്നിൽ വച്ചിരുന്ന, കടയുടമ തുറവൂർ കാദറിയ മൻസിലിൽ ഷിഹാബിന്റെ ഉടമസ്ഥതയിലുള്ള പൾസർ ബൈക്ക് ബുധനാഴ്ച വൈകിട്ട് മോഷണം പോയി​. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.