s

കറ്റാനം: ആറംഗ സംഘം വീടുകയറി​ നടത്തി​യ ആക്രമണത്തി​ൽ ദമ്പതികൾക്കും ബന്ധുവിനും പരി​ക്കേറ്റു. ബൈക്കിലെത്തിയ സംഘം വീട്ടുമുറ്റത്തെ നഴ്സറിയും വീടിന്റെ ജനലും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു. വീട്ടമ്മയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തു കടന്നതായും പരാതിയി​ൽ പറയുന്നു. കണ്ണിൽ മുളക് സ്പ്രേ അടിച്ചതി​നുശേഷമാണ് ആക്രമിച്ചതെന്നു വീട്ടുകാർ പറഞ്ഞു. ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി മുണ്ടലേത്ത് വീട്ടിൽ ഗോപി (60), ഭാര്യ ഉഷാകുമാരി (52), ബന്ധുവായ ശശി (60) എന്നിവർക്കാണു പരുക്കേറ്റത്. തലയ്ക്ക് വെട്ടേറ്റ ഗോപിയും മർദനമേറ്റ മറ്റ് 2 പേരും കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 9ഓടെ ബൈക്കിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നെന്ന് വീട്ടുകാർ പൊലീസിനോടു പറഞ്ഞു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കവും മുൻവെെരാഗ്യവുമാണ് കാരണമെന്നു പാെലീസ് പറഞ്ഞു. വിദേശത്ത് നിന്ന് എത്തിയ ഗോപി അടുത്തിടെയാണ് വീടിനോടു ചേർന്ന് നഴ്സറി ആരംഭിച്ചത്. സംഭവത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു.