
ആലപ്പുഴ: ലോക്ക് ഡൗണിനു ശേഷം നൽകിയ ഇളവുകളെത്തുടർന്ന് ജീവൻ വച്ച ഹോട്ടൽമേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. സർക്കാരിന്റെ 144 പ്രഖ്യാപനമാണ് ഹോട്ടലുടമകളെ ആശക്കുഴപ്പത്തിലാക്കിയത് . അഞ്ച് പേരിൽ കൂടുതൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുമോ എന്ന് ഉത്തരവിൽ വ്യക്തതയില്ലാത്തതാണ് കാരണം. പുതിയ ഉത്തരവിനെത്തുടർന്ന് ആളുകൾ ഭക്ഷണം കഴിക്കാൻ എത്താതിരുന്നാൽ ജില്ലയിൽ ഭൂരിഭാഗം ഹോട്ടലുകളും അടച്ചിടേണ്ട സ്ഥിതിയാകും. നിലവിൽ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഹോട്ടലുകളുടെ പ്രവർത്തനം.
ഹോട്ടലുകളിൽ പാഴ്സൽ മാത്രം അനുവദിച്ചിരുന്ന സമയത്ത്, മുമ്പുണ്ടായിരുന്നതിന്റെ 20 ശതമാനത്തോളം വ്യാപാരം മാത്രമാണ് നടന്നിരുന്നത്. എന്നാൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയപ്പോൾ 40 മുതൽ 50 ശതമാനം വരെ കച്ചവടം ഉയർന്നതായി ഹോട്ടൽ ഉടമകൾ പറയുന്നു. കൊവിഡ് പ്രതിസന്ധിയിൽ 10000ത്തോളം പേർക്കെങ്കിലും ജില്ലയിൽ ജോലി നഷ്ടമായിട്ടുണ്ടെന്നാണ് കണക്ക്. കച്ചവടം കുറഞ്ഞതോടെ 1000ത്തോളം ചെറിയ ഹോട്ടലുകൾ അടച്ചുപൂട്ടി.മിക്ക ഹോട്ടലുകളിലും ഉടമസ്ഥർ തൊഴിലാളികളായി മാറി. തൊഴിലാളികളുടെ ശമ്പളം,ജി.എസ്.ടി അടക്കമുള്ള നികുതികൾ,രജിസ്ട്രേഷൻ ഫീസുകൾ,വാടക,വൈദ്യുതി ബിൽ,വെള്ളക്കരം എന്നിവ കൊടുത്തു കഴിയുമ്പോൾ ഉടമകൾക്ക് ചെലവാകുന്ന തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്. വരുമാനം കുറയുകയും സാധനങ്ങളുടെ വില ഉയരുകയും ചെയ്തതോടെ ചെറുകിട വ്യാപാരികൾക്ക് പിടിച്ചു നിൽക്കുവാൻ കഴിയുന്നില്ല.
ഓൺലൈൻ കച്ചവടം സജീവം
ലോക്ക് ഡൗൺ കാലത്ത് അടഞ്ഞു കിടന്ന ഹോട്ടലുകൾക്ക് ആശ്വാസം പകർന്നത് ഓൺലൈൻ കച്ചവടമാണ്. കൂടുതൽ ഹോട്ടലുകളും പിടിച്ച് നിൽക്കുന്നത് പാഴ്സൽ വില്പനയിലൂടെയാണ്. എന്നാലും പ്രതിദിനം ശരാശരി 30,000 രൂപ വരെ കച്ചവടം നടന്നിരുന്ന ഹോട്ടലുകളിൽ കഷ്ടിച്ച് 5000 -10000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ഇതിൽ പാതിയും ഓൺലൈൻ വഴിയാണ്.
ജില്ലയിൽ
ഹോട്ടലുകൾ- 3500
ജീവനക്കാർ-30000
ക്ലീനിംഗിന് ആളില്ല
ഹോട്ടലുകളിൽ ക്ളീനിംഗ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നവരിൽ കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങിപ്പോയ അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താത്തത് തിരിച്ചടിയായി. ശുചീകരണത്തിന് നാട്ടിലെ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയാണ്.
കോമൺ കിച്ചൺ
നവംബർ 30 ന് കേരളത്തിൽ ഒട്ടാകെ കോമൺ കിച്ചൺ എന്ന ആശയം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. ഇൗ ചുവട് വയ്പ് മേഖലയിലെ പ്രതിസന്ധി കുറയ്ക്കുവാൻ കഴിയുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ എറണാകുളത്താണ് നടപ്പാക്കുന്നത്. മുഴുവൻ ഹോട്ടലുകളെ ഉൾപ്പെടുത്തി 10 ശതമാനം കമ്മിഷൻ മാത്രം ഇൗടാക്കി ഒാൺലൈൻ വ്യാപാരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം. ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമാകും ഇൗ കിച്ചൺ.
'' പുതിയ ഉത്തരവിലെ വ്യക്തതക്കുറവ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ നിലവിൽ ഹോട്ടലുകളുടെ അകത്ത് അകലം പാലിച്ച് ഭക്ഷണം നൽകും. പാഴ്സൽ വാങ്ങാൻ എത്തുന്നവരും ഡെലിവറി ജീവനക്കാരും കൂട്ടംകൂടി നിൽക്കുവാൻ അനുവദിക്കുകയില്ല. നിബന്ധനകൾ പാലിച്ച് സുരക്ഷ കൂടുതൽ ശക്തമാക്കും.
(ജി.ജയപാൽ,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ. ജനറൽ സെക്രട്ടറി)
നിയന്ത്രണങ്ങൾ കടുത്തതോടെ
വ്യാപാര മേഖല പ്രതിസന്ധിയിൽ
ആലപ്പുഴ: സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം തടയാൻ സംസ്ഥാന സർക്കാർ ഒരുമാസക്കാലത്തേക്ക് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ തൊഴിൽ, വ്യാപാര മേഖലകളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ലോക്ക് ഡൗണിന് ശേഷം നൽകിയ ഇളവ് ദുർവിനിയോഗം ചെയ്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. വ്യാപാര ശാലകളിലും മാർക്കറ്റുകളിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒരേസമയം ഉണ്ടാകാൻ പാടില്ലെന്ന നിർദേശം കർശനമാക്കിയതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. നിർമ്മാണ മേഖലയിലും ഈ ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കും.ഇളവുകൾ വന്നതോടെ ജനം വാഹനങ്ങളുമായി കൂട്ടത്തോടെ നിരത്തിലിറങ്ങിയതും കൊവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമായി. സമരങ്ങളിലും ചടങ്ങുകളിലും നിയന്ത്രണം മറന്ന് ആളുകൾ പങ്കെടുത്തതും സ്ഥിതി രൂക്ഷമാക്കി.
ശ്രദ്ധിക്കാൻ
വിവാഹങ്ങളിൽ പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം
സാംസ്‌കാരിക പരിപാടികൾ, പൊതു പരിപാടികൾ,രാഷ്ട്രീയ, മത , സാമൂഹികചടങ്ങുകൾ,തുടങ്ങിയവയിൽ പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ
മാർക്കറ്റുകൾ, ബസ് സ്റ്റോപ്പുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ, ഓഫീസുകൾ, കടകൾ, റസ്റ്റോറൻറുകൾ, ജോലിയിടങ്ങൾ, ആശുപത്രികൾ, പരീക്ഷ കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ബ്രേക്ക് ദി ചെയിൻ നിർദേശങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കർശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.
പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ അധികം കൂട്ടം കൂടാൻ പാടില്ല
അണുനശീകരണം
ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, കായംകുളം,ചെങ്ങന്നൂർ നഗരസഭകളിലെയും അരൂർ, അരൂക്കുറ്റി,കടക്കരപ്പള്ളി, വയലാർ, മാരാരിക്കുളം സൗത്ത്, ആര്യാട്, മണ്ണഞ്ചേരി, പുന്നപ്ര നോർത്ത്, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത് ,പുറക്കാട്, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, ഭരണിക്കാവ്, ചിങ്ങോലി ,പാലമേൽ, പത്തിയൂർ, നെടുമുടി, രാമങ്കരി, നീലംപേരൂർ, ചേർത്തല സൗത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിലെയും പൊതു സ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റുകൾ, മറ്റ് ആളുകൾ കൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തണം.
"കൊവിഡ് വ്യാപനം തടയേണ്ടത് അത്യാവശ്യമാണ്. ലോക്ക് ഡൗൺ മുതൽ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലാണ്. പ്രളയത്തിൽ നഷ്ടം സംഭവിച്ച വ്യാപാരികൾക്കു പോലും സഹായം ലഭിച്ചിട്ടില്ല. വ്യാപാരികളോട് സർക്കാരുകൾ വിവേചനം കാട്ടരുത്.
നസീർ പുന്നക്കൽ, സംസ്ഥാന സെക്രട്ടറി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ
"സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നതിന് പകരം നിശ്ചിത ദിവസം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ വ്യാപാരികൾക്കും ജനത്തിനും ഭയാശങ്ക ഇല്ലാതാക്കാനും രോഗവ്യാപന തടയാനും കഴിയും. വ്യക്തത ഇല്ലാത്ത ഉത്തരവുകളാണ് ഓരോദിവസവും പുറത്ത് വരുന്നത്. മുഖ്യമന്ത്രി, ഡി.ജി.പി, കളക്ടർ എന്നിവരുടെ ഉത്തരവ് വൈരുദ്ധ്യം നിറഞ്ഞതാണ്. വലിയകടകളിൽ അഞ്ചിൽ കൂടുതൽ ജീവനക്കാർ ഉണ്ടാകും. നിയമലംഘനത്തിന്റെ പേരിൽ വ്യാപാരികൾക്ക് എതിരെ കേസ് എടുക്കാൻ വഴിയൊരുക്കുന്ന നിർദേശം പിൻവലിക്കണം.
വി.സബിൽരാജ്, ജില്ലാ ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി
കൊവിഡ് : ഇന്നലെ 633 പേർ
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 633 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 5593ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ആറു പേർ വിദേശത്തുനിന്നും 20 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 607 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.486 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 10697ആയി.
ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 13,682
വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 3554
ഇന്നലെ ആശുപത്രികളിൽ എത്തിയവർ: 342
കേസ് 50, അറസ്റ്റ് 24
ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 76 കേസുകളിൽ 33 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 316 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1717 പേർക്കും കണ്ടെയിൻമെന്റ് സോൺ ലംഘനം നടത്തിയ രണ്ട് പേർക്കും എതിരെയാണ് കേസ്.