ആലപ്പുഴ: കൊവിഡ് കാലത്തെ വെല്ലുവിളികളെ മറികടന്ന് ഓൺലൈൻ വഴി വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി നിർമ്മിച്ച 90 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജില്ലയിൽ നിർമ്മാണം പൂർത്തിയാക്കിയ ജി.എച്ച്.എസ് മണ്ണഞ്ചേരി, ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, ജി.എച്ച്.എസ്.എസ് ചേർത്തല സൗത്ത് എന്നീ സ്‌കൂൾ കെട്ടിടങ്ങളും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ ജി.വി.എച്ച്.എസ്.എസ് ഇറവങ്കര, ജി.വി.എച്ച്.എസ്.എസ് മാവേലിക്കര, ജി.വി.എച്ച്.എസ്.എസ് തലവടി, ഗവ. ടൗൺ ഈസ്റ്റ് എൽ.പി.എസ് ചേർത്തല, ജി.യു.പി.എസ് പെണ്ണുക്കര, ജി.യു.പി.എസ് ഭരണിക്കാവ്, ജി.പി.ജെ.എൽ.പി.എസ് കലവൂർ എന്നീ സ്‌കൂൾ കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടും
ചടങ്ങിൽ മന്ത്രി സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായി. വിവിധ ജില്ലകളിൽ നിന്നും മന്ത്രിമാർ, എം. പി മാർ, എം. എൽ.മാർ, ജനപ്രതിനിധികൾ തുങ്ങിയവരും വീഡിയോ കോൺഫറൺസിലൂടെ പങ്കെടുത്തു.
 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1000 നവീകരിച്ച കെട്ടിടങ്ങൾ:തോമസ്ഐസക്
ഈ വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 1000 നവീകരിച്ച കെട്ടിടങ്ങൾ ഉണ്ടാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി തോമസ്ഐസക് പറഞ്ഞു. ഈ വർഷം അവസാനിക്കും മുൻപ് വിദ്യാർത്ഥികൾക്ക് ഒരു ലാപ്‌ടോപ്പ് വീതം വീടുകളിലേക്കായി നൽകും. കുടുംബശ്രീയിൽ ഇതിനകം അഞ്ച് ലക്ഷം പേർ ലാപ്‌ടോപ്പിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പത്തുലക്ഷം അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. ലാപ് ടോപ് നൽകുന്നതിനൊപ്പം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സംവിധാനവും ഒരുക്കി നൽകുമെന്നും തോമസ്ഐസക് പറഞ്ഞു.
മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി തോമസ് ഐസക് ശിലാഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളിന് മൂന്നു നിലകളുള്ള ഒരു കെട്ടിടം കൂടി അനവദിക്കും. സ്‌കൂളിലെ മികച്ച പ്രവർത്തനത്തിനായി അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാകണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, അഡ്വ. കെ ടി മാത്യു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, പി.എ.ജുമൈലത്ത്, എം.എസ്.സന്തോഷ്, എ.കെ.പ്രസന്നൻ, ഋഷി നടരാജൻ, സുജാത കുമാരി എം.കെ, എസ് എം സി ചെയർമാൻ സി എച്ച് റഷീദ് തുടങ്ങിയവർ പങ്കെടുത്തു.