
ആശങ്ക ഉയർത്തി ജില്ലയിൽ എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ
എന്നിവയും റിപ്പോർട്ട് ചെയ്തു
ആലപ്പുഴ: കൊവിഡ് ബാധ കൊണ്ട് വശംകെടുന്ന ജനങ്ങൾക്ക് മറ്റൊരു ഭീതിയായി എലിപ്പനിയും.
ജില്ലയിൽ ഭീതി പരത്തി എലിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. കുട്ടനാട്ടിൽ കഴിഞ്ഞ ദിവസം രണ്ട് പേരുടെ ജീവൻ എലിപ്പനി കവർന്നിരുന്നു. കൂലിപ്പണിക്കാരനായ നെടുമുടി സ്വദേശി കൃഷ്ണബാബുവും കടത്തുകാരൻ കൈനകരി ചേന്നങ്കരി സ്വദേശി തോമസ് കോശി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ രൂക്ഷമായ മഴയ്ക്ക് അല്പം ശമനം ഉണ്ടായതിന് തൊട്ട പിന്നാലെയാണ് എലിപ്പനി രോഗവ്യാപനവും തുടർന്ന് മരണവും സ്ഥിരീകരിച്ചത്.
എലിപ്പനിക്ക് ഒപ്പം ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ രോഗങ്ങളും ജില്ലയിൽ പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രളയബാധിത മേഖലകളിലെ പകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണിത്. ജീവികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. ആരംഭത്തിൽ ചികിത്സ ലഭിക്കാത്ത അവസ്ഥയിൽ രോഗം മൂർച്ഛിച്ച് കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടവ
മലിനജലവുമായി സമ്പർക്കം പുലർത്താതിരിക്കുക
കുട്ടികളെ കുളത്തിലും തോട്ടിലും മീൻ പിടിക്കാൻ അനുവദിക്കരുത്
ശുദ്ധജലത്തിൽ മാത്രം കുളിക്കുക
മലിനജല സമ്പർക്കത്തിനു ശേഷം പനി വന്നാൽ ചികിത്സ തേടണം
പനി വന്നാൽ സ്വയം ചികിത്സിക്കാതിരിക്കുക.
രോഗ ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ സേവനം തേടണം,
രോഗാണുവാഹകർ
എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്ജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കും. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
രോഗ ലക്ഷണങ്ങൾ
പനി, പേശി വേദന (കാൽവണ്ണയിലെ പേശികളിൽ) തലവേദന, വയറ് വേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ശരിയായ ചികിത്സ നൽകുകയാൽ പൂർണമായും ഭേദമാകും.
ജാഗ്രതാ നിർദേശങ്ങൾ
മലിനജലവുമായി സമ്പർക്കം വരുമ്പോൾ കൈയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കണം,
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും, മലിനജലസമ്പർക്കമുള്ളവരും പ്രതിരോധ ഗുളിക കഴിക്കണം
(ഡോക്സിസൈക്ലിൻ ഗുളിക 200 എം.ജി (100 എം.ജി രണ്ട് ഗുളിക) ആഴ്ചയിലൊരിക്കൽ കഴിക്കണം)
മലിനജലവുമായി സമ്പർക്കം തുടരുന്നത്രയും കാലം ഡോക്സിസൈക്ലിൻ പ്രതിരോധം തുടരണം
ഡോക്സിസൈക്ലിൻ ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും
എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം
ഏതു സാഹചര്യത്തിലും സ്വയം ചികിത്സ നടത്തരുത്
സെപ്തംബറിലെ കണക്ക്
എലിപ്പനി ബാധിച്ചവർ: 26
വർഷം ഇതുവരെ എണ്ണം: 65
എലിപ്പനി മരണം: 12
ഡെങ്കിപ്പനി: 6
വർഷം ഇതുവരെ: 58