വള്ളികുന്നം : കാറിലെത്തിയ മൂന്നംഗ സംഘം,ഒറ്റയ്ക്കു താമസിച്ച ഗൃഹനാഥനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ആക്രമിച്ചു മൂന്നര ലക്ഷം രൂപയും എട്ടേകാൽ പവൻ സ്വർണാഭരണവും മൊബൈലും കർവന്നു. വള്ളികുന്നം എം ആർ ജംഗ്ഷന് സമീപം ഗ്രീഷ്മത്തിൽ മധുസൂദനൻ നായർക്കാണ് (61) പണവും സ്വർണവും നഷ്ടമായത്. കഴlഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. മധുസൂദനൻ നായരെ അക്രമിച്ച ശേഷം വീട്ടിൽ കയറിയ സംഘം കിടപ്പുമുറിയുടെ താക്കോൽ കൈവശപ്പെടുത്തി അലമാര തുറന്നാണ് പണവും സ്വർണവും കവർന്നത്. 8000 രൂപയുടെ പുതിയ മൊബൈൽ ഫോണും സംഘം കൊണ്ടുപോയി. വിവാഹബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് മധുസൂദനൻ നായർ കഴിഞ്ഞ ആറര വർഷമായി ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്നു. രണ്ടാം ഭാര്യയിലെ മകൾ കഴിഞ്ഞ ദിവസം താമസത്തിനായി മധുസൂദനൻ നായരുടെ വീട്ടിൽ എത്തിയതിനെത്തുടർന്ന് തർക്കം ഉണ്ടായി. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘമാണ് മധുസൂദനൻ നായരെ അക്രമിച്ചതെന്നു പറയുന്നു. ഗുരുതരമായി മർദ്ദനമേറ്റ മധുസൂദനൻ നായർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വള്ളികുന്നം പൊലീസ് കേസെടുത്തു.