അമ്പലപ്പുഴ: പോപ്പുലർ ഫിനാൻസ് ഉടമകൾ അമ്പലപ്പുഴ ശാഖയിൽ നിന്നും കൈക്കലാക്കിയത് രണ്ടരക്കോടിയോളം രൂപ. അമ്പലപ്പുഴ പൊലീസിൽ 50 ഓളം പേർ നൽകിയ പരാതിയിലാണ് ഇത്രയും തുക കണക്കാക്കുന്നത്. ഇനിയും പരാതിക്കാർ ഉണ്ടാകാൻ ഇടയുള്ളതായാണ് പൊലീസ് പറയുന്നത്.
ജോലിയിൽ നിന്നും വിരമിച്ചവരാണ് പരാതി നൽകിയവരിൽ അധികവും. ഭീമമായ തുക നിക്ഷേപിച്ച ഉന്നതരും ഉണ്ടെന്നാണ് സൂചന. കണക്കിൽപ്പെടുത്താൻ കഴിയാത്ത തുകയായതിനാൽ പലരും പൊലീസിൽ പരാതി നൽകാനും തയ്യാറായിട്ടില്ല. ട്രഷറിയിൽ നിന്നും വിരമിച്ച ഒരാളാണ് ഇതിൻെറ മാനേജർ. അമ്പലപ്പുഴ സ്വദേശികൂടിയായ ഇയാളുടെ ബന്ധങ്ങൾ വഴിയാണ് പലരും പണം നിക്ഷേപിച്ചത്. സാധാരണ ബാങ്ക് പലിശയുടെ ഇരട്ടി കിട്ടുമെന്ന പ്രതീക്ഷയോടെയാണ് റിട്ട. ഉദ്യോഗസ്ഥരായ പലരും ഇവിടെ പണം നിക്ഷേപിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. പോപ്പുലർ ഫിനാൻസിൻെറ ശാഖ അടച്ചതോടെ മറ്റ് പല പണമിടപാട് സ്ഥാപനങ്ങളിലും നിക്ഷേപിച്ചിട്ടുള്ള തുക പലരും പിൻവലിച്ച് വരുകയാണ്.