മുതുകുളം: കണ്ടെയ്ൻമെന്റ് സോണും റോഡിന്റെ ശോചനീയാവസ്ഥയും കണ്ടല്ലൂർ പഞ്ചായത്തിലെ തോപ്പിൽകടവ് -കല ജംഗ്ഷൻ റോഡിനു ഇരുവശത്തുമുള്ള കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ കല ജംഗ്ഷൻ പൂർണമായി അടച്ചു. നവീകരണത്തിന്റെ ഭാഗമായി തോപ്പിൽ കടവിൽ റോഡ് കുറുകെ വെട്ടിമുറിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഇവിടെ ഗതാഗതം പൂർണമായും തടസപ്പെട്ട നിലയിലാണ്. വൃദ്ധരായ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിന് പോലും സാധിക്കാത്ത അവസ്ഥയാണ് . മഴ മാറിയതിനു ശേഷമേ റോഡ് നവീകരണം നടക്കുകയുള്ളൂ .കോവിഡ് വ്യാപനം കൂടിയതിനാൽ റോഡ് തുറന്ന് കൊടുക്കാൻ കഴിയുന്നുമില്ല .എന്നാൽ രോഗികൾ കൂടുതൽ ഉള്ള മറ്റ് പ്രദേശങ്ങളിലെ റോഡ് അടക്കാതെയാണ് കല ജംഗ്ഷൻ കെട്ടി അടച്ചതെന്നും ആരോപണമുണ്ട് .