photo

ചേർത്തല:ഗാന്ധി ജയന്തി ദിനത്തിൽ നഗരസഭാ വളപ്പിലുള്ള ഗാന്ധി പ്രതിമയോട് അധികൃതർ ആനാദരവ് കാട്ടിയെന്നാരോപിച്ച് ഇടതു യുവജനസംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.ഗാന്ധി പ്രതിമ ശുചീകരിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞഗാന്ധി ജയന്തി ദിനത്തിൽ പ്രതിമയിൽ അർപ്പിച്ച ഹാരം പോലും മാറ്റാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപണവുമായി എ.ഐ.വൈ.എഫും ഡി.വൈ.എഫ്.ഐയുമാണ് രംഗത്ത് വന്നത്.
എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ ഹാരമണിയിച്ച് നഗരസഭക്കെതിരെ പ്രതിഷേധിച്ചു..ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനകമ്മി​റ്റിയംഗം ബോബിശശിധരൻ അദ്ധ്യക്ഷനായി..ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.വി.ഗിരീഷ് കുമാർ,മേഖലസെക്രട്ടറി ടി.വിപിൻ എന്നിവർ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മി​റ്റി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രതിഷേധയോഗവും നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് സി.ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു.ദിനൂപ് വേണു അദ്ധ്യക്ഷനായി.പി.എസ്.പുഷ്പരാജ്,വൈഭവ് ചാക്കോ,എസ്.സുമേഷ് എന്നിവർ പങ്കെടത്തു.

തികഞ്ഞ അനാദരവ്
ഗാന്ധിജിയുടെ പിൻമുറക്കാർ എന്ന് അവകാശപ്പെടുന്നവർ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിനെ അപമാനിച്ചിരിക്കുകയാണ്.ഗാന്ധി പ്രതിമയിൽ ഒരു പുഷ്പമാല ചാർത്താൻ പോലും തയ്യാറാകാത്ത അധികൃതർ തികഞ്ഞ അനാദരാണ് കാട്ടിയത്.
ടി.ടി.ജിസ്‌മോൻ
ജില്ലാ സെക്രട്ടറി എ.ഐ.വൈ.എഫ്

 വീഴ്ച ബോധപൂർവം
ഗാന്ധിജിയെ ലോകം നമിക്കുമ്പോൾ ചേർത്തല നഗരസഭയിലുണ്ടായ വീഴ്ച ബോധപൂർവമാണ്.പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പോരിന് നേതൃത്വം കൊടുക്കുന്നതിനിടെ ഗാന്ധിജിയെ പോലും മറന്നു. കോൺഗ്രസ് നേതൃത്വം പരസ്യമായി മാപ്പുപറയണം.
സി.ശ്യാംകുമാർ
ജില്ലാവൈസ് പ്രസിഡന്റ് ഡി.വൈ.എഫ്.ഐ

അനാദരവ് കാട്ടിയിട്ടില്ല
ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയിട്ടില്ല.ഗാന്ധിജയന്തി ദിനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തിയിരുന്നു.ഫാസിസത്തിനെതിരെ സത്യാഗ്ര
ഹവും നടത്തി.സ്വാതന്ത്ര്യദിനത്തിലാണ് ദേശീയ നേതാക്കളുടെ പ്രതിമയിൽ മാല ചാർത്തുന്നത്.ഗാന്ധിജിയോട് ഡി.വൈ.എഫ്.ഐയും,എ.ഐ.വൈ.എഫും കാട്ടുന്ന സ്നേഹത്തിന് നന്ദിയുണ്ട്.

പി.ഉണ്ണിക്കൃഷ്ണൻ,മുനിസിപ്പൽ പാർലമെന്ററി പാർട്ടി നേതാവ്,ചേർത്തല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്)