തുറവൂർ: ക്ഷേത്രത്തിൽ അസമയത്ത് അതിക്രമിച്ചു കയറി ജീവനക്കാരെ ഉപദേശക സമിതി ഭാരവാഹികൾ മർദിച്ചതായി പരാതി. വെള്ളിയാഴ്ച വൈകിട്ട് 8.30 ന് തുറവൂർ മഹാക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രം അടച്ച ശേഷം ദേവസ്വം ഓഫിസിനു സമീപം നിൽക്കുകയായിരുന്ന വാച്ചർ സി.എൻ.പ്രദീപ്(55) മേള കലാകാരൻ എം.യു.ശരത്(30)എന്നിവരെയാണ് ഉപദേശക സമിതി പ്രസിഡന്റും സെക്രട്ടറിയും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് മർദ്ദിച്ചത്. ഫയലുകൾ സംഘം വലിച്ചെറിഞ്ഞതായും കുത്തിയതോട് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. മർദനമേറ്റ ജീവനക്കാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് പ്രതിഷേധിച്ചു. ഓഫിസിനോട് ചേർന്ന ദേവസ്വത്തിന്റെ മുറി സംബന്ധിച്ച തർക്കം ദേവസ്വവും ഉപദേശക സമിതിയും തമ്മിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കുത്തിയതോട് പൊലീസിനു പരാതി നൽകിയിരുന്നു. ഇതിനിടെയാണ് സംഘട്ടനമുണ്ടായത്. എന്നാൽ ക്ഷേത്രത്തിൽ തങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങളോ സംഘട്ടനമോ ഉണ്ടായിട്ടില്ലെന്നാണ് ഉപദേശക സമിതി ഭാരവാഹികൾ പറയുന്നത്