
ആലപ്പുഴ: ക്ളാസ് മുറികളിലെ പഠനം മുടങ്ങിയതോടെ വീടുകളിൽ ഒറ്റയ്ക്കിരുന്ന് മുഷിയുന്ന ഭിന്നശേഷി കുട്ടികൾക്കും മാതാപിതാക്കൾക്കും കൊവിഡ് കാലം വല്ലാത്ത വെല്ലുവിളിയായി. രണ്ടാംഘട്ട ഓൺലൈൻ ക്ളാസുകൾ തുടങ്ങിയെങ്കിലും കുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കുന്നതുപോലെയുള്ള താത്പര്യം ഈ ക്ളാസുകളോടില്ലെന്നാണ് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും വിലയിരുത്തൽ.
സ്‌പെഷ്യൽ സ്‌കൂൾ,ബഡ്സ് സ്കൂൾ,സി.ഡബ്ലു.എസ്.എൻ സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ട ക്ലാസുകൾ ആരംഭിച്ചത്. കൂട്ടുകാരെയും അദ്ധ്യാപകരെയും കാണാനാവാതെ വീടുകളിൽ കഴിയേണ്ടിവരുന്നത് ഭിന്നശേഷി കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഇത് സങ്കടമായും ദേഷ്യമായും പലപ്പോഴും പുറത്തുവരുന്നു. അതുകൊണ്ടുതന്നെ പഠനം മുടങ്ങാതിരിക്കാനുള്ള വഴികളാണ് അധികൃതർ സ്വീകരിക്കുന്നത്.
സ്പെഷ്യൽ സ്കൂളിൽ ഓൺലൈൻ പഠന ഉപകരണങ്ങളില്ലാത്ത ഭിന്നശേഷിക്കാരായ
നിരവധി കുട്ടികളുണ്ട്. പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ബഡ്‌സ് സ്‌കൂളുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പൊതുവിദ്യാലയങ്ങളിലെത്തുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് 'വൈറ്റ് ബോർഡ് ' യു ട്യൂബ് ചാനൽ വഴി പൊതുവിദ്യാഭ്യാസ വകുപ്പ് ക്ലാസുകൾ നടത്തുന്നുണ്ട്. ബഡ്സ് സ്കൂളിൽ കുടുംബശ്രീ മിഷന്റെ 'തേൻ കൂട്' പദ്ധതി പ്രകാരമാണ് ക്ലാസുകൾ. ചുരുക്കം ചില സ്പെഷ്യൽ സ്‌കൂളുകൾ മാത്രമാണ് സ്വന്തം നിലയ്ക്ക് ക്ലാസുകൾ തുടങ്ങിയത്.
................................
 ഒപ്പമുണ്ട്
സെറിബ്രൽ പാൾസി, ഓട്ടിസം ഉൾപ്പെടെ ബാധിച്ച കുട്ടികളുടെ പഠനാവശ്യങ്ങൾ നിറവേറ്റുന്നതാണ് സ്പെഷ്യൽ സ്‌കൂളുകൾ. സ്മാർട്ട് ക്ലാസ് മുറികൾ, ഫിസിയോതെറാപ്പി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അവർക്ക് നൽകുന്നുണ്ട്. കൂടാതെ കല, കായികം തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളിലും കരകൗശല നിർമ്മാണത്തിലും പരിശീലനമുണ്ട്.
................................
 അകറ്റരുത്
ഭിന്നശേഷിക്കാർക്ക് സമപ്രായക്കാരുമായുള്ള ഇടപഴകലുകൾ വേണം. എന്നാൽ പൊതുവിദ്യാലയങ്ങൾ ഇതിനു സജ്ജമല്ല. എപ്പോൾ എങ്ങനെ പെരുമാറുമെന്ന് ഒരു കൃത്യതയുമില്ലാത്തവരാണ് ഓട്ടിസക്കാരായ കുട്ടികൾ. തുടക്കത്തിൽ പൊതുവിദ്യാലയത്തിൽ വിട്ടാലും ക്രമേണ മാതാപിതാക്കൾ തന്നെ ഇവരെ സ്പെഷ്യൽ സ്‌കൂളുകളിലേക്ക് മാറ്റും .
...................
 ടെലി കൗൺസലിംഗ്
ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ അദ്ധ്യാപകരിലേക്ക് പരാതി പ്രളയമായിരുന്നു. മാനസിക വിഭ്രാന്തി, പഠനത്തിൽ താത്പര്യക്കുറവ് എന്നതായിരുന്നു പ്രധാന പ്രശ്നങ്ങൾ. പരിഹാരമായി ഒാൺലൈൻ ക്ലാസുകൾക്കൊപ്പം ആഴ്ചയിൽ ഒരു ദിവസം ഫോൺവഴിയുള്ള കൗൺസലിംഗും നൽകുന്നുണ്ട്. മുമ്പ് ഭേദമായ പല അസുഖങ്ങളും ലോക്ക്ഡൗൺ കാലത്ത് ഈ കുട്ടികളിൽ തലപൊക്കിയിട്ടുണ്ട്.
.....................................
 ബഡ്സ് സ്കൂൾ..........9
 ബി.ആർ.സി (ബഡ്സ് റീഹാബിലേഷൻ സെന്റർ)............. 11
 സ്പെഷ്യൽ സ്കൂൾ...........50
.....................................
ഒാൺലൈൻ ക്ലാസുകൾ തുടങ്ങിയത് ആശ്വാസകരമാണ്. ഒാരോ ആക്ടിവിറ്റികൾ നൽകിയാണ് കുട്ടികളെ ആകർഷിക്കുന്നത്. ഇനി ഫിസിയോതെറാപ്പി,സ്പീച്ച്തെറാപ്പി എന്നിവ നൽകാൻ ഒരുങ്ങുകയാണ്. മാതാപിതാക്കൾക്കും ഇതിനുള്ള ക്ലാസുകൾ നൽകും
(നിത ഭദ്രൻ,സ്പെഷ്യൽ എഡ്യുക്കേറ്റർ, സമഗ്രശിക്ഷ കേരള)
.............................
ഒാൺലൈൻ ക്ലാസുകൾ നൽകുന്നുണ്ടെങ്കിലും എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാകുന്നില്ല. പഠന സാമഗ്രികൾ ഇല്ലാത്തതും ഇൗ കുട്ടികൾക്ക് ഉപയോഗിക്കാൻ അറിയാത്തതും പഠനത്തിന് വെല്ലുവിളി ഉയർത്തുന്നു. സ്കൂൾ വിദ്യാഭ്യാസത്തിൽ മറ്റ് ആളുകളുമായി കൂടുതൽ ഇടപെടൽ നടത്താൻ സാധിക്കും
(ആർ. രാധിക, ബഡ്സ് സ്കൂൾ അദ്ധ്യാപിക)
.............................
ക്ലാസുകൾ അടച്ചതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ഭിന്നശേഷി വിദ്യാർത്ഥികളാണ്. ഒറ്റയ്ക്ക് ഇരിക്കുന്നതിലൂടെ കുട്ടികളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ദേഷ്യം,വഴക്ക്,മാനസിക പിരിമുറുക്കം എന്നിവ പ്രകടമാണ്. നേരിട്ട് കൗൺസിലിംഗ് നൽകാൻ സാധിക്കാത്തതിൽ ടെലി കൗൺസലിംഗാണ് നൽകുന്നത്
(ശ്രീഷ്മ ഹർഷൻ,സ്കൂൾ കൗൺസലർ)