t

ആലപ്പുഴ: വാഹന പുക പരിശോധന കേന്ദ്രങ്ങളെ കേന്ദ്രീകൃത വാഹന രജിസ്ട്രേഷൻ ശൃംഖലയായ 'വാഹനു'മായി ബന്ധിപ്പിക്കുന്നതോടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും, തർക്കങ്ങൾക്കും തടയിടാനാകുമെന്ന് പ്രതീക്ഷ. സംസ്ഥാനത്തെ എല്ലാ പുകപരിശോധന കേന്ദ്രങ്ങളെയും തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസിലെ സെർവറുമായി ബന്ധിപ്പിക്കും. ഏത് പരിശോധനാ കേന്ദ്രത്തിൽ നടക്കുന്ന ടെസ്റ്റിന്റെയും ഫലം സോഫ്റ്റ് വെയറിൽ അപ്പോൾത്തന്നെ ശേഖരിക്കപ്പെടും. ഇതോടെ കള്ളക്കളികൾ അവസാനിക്കുമെന്നാണ് കണക്കുകൂട്ടൽ.

എല്ലാ കേന്ദ്രങ്ങളിലും ഹൈസ്പീഡ‌് ഇന്റർനെറ്റ് ഉറപ്പാക്കും. മീറ്റ‌ർ റീഡിംഗിലെ വ്യതിയാനം മൂലം ഉപഭോക്താക്കളും പുക പരിശോധന കേന്ദ്രത്തിലെ ജീവനക്കാരും തമ്മിൽ കലഹം പതിവാണ്. പരിശോധന നടത്താതെ സർട്ടിഫിക്കറ്റ് നൽകുന്നതായും, റീഡിംഗിൽ കൃത്രിമത്വം കാണിക്കുന്നതായും ആക്ഷേപങ്ങളുമുണ്ട്. സംവിധാനങ്ങൾ ഒറ്റ സോഫ്റ്റ് വെയറിലാകുന്നതോടെ തർക്കത്തിനു പരിഹാരമാവും. വാഹനപരിശോധനയ്‌ക്കിടെ സർട്ടിഫിക്കറ്റ് കാലാവധി പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയാൽപ്പോലും സോഫ്റ്റ് വെയർ പിടികൂടും.

2012ന് ശേഷം പുറത്തിറങ്ങിയ ബി.എസ് 4 (ഭാരത് സ്റ്റേജ് എമിഷൻ നോംസ്) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലപരിധിയാണുള്ളത്. എന്നാൽ ചില കേന്ദ്രങ്ങൾ ആറു മാസം കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിനെതിരെ മോട്ടോർവാഹന വകുപ്പ് രംഗത്തെത്തിയിരുന്നു. ഒരു വർഷം കാലാവധി നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് ഇരട്ടി ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴയടക്കം നടപടികൾ സ്വീകരിച്ചതോടെ ഈ കൊള്ളയ്ക്ക് അറുതിവന്നിട്ടുണ്ട്. നിലവിൽ ബി.എസ് 3 വാഹനങ്ങൾക്ക് മാത്രമാണ് ആറ് മാസത്തെ പുക പരിശോധന സർട്ടിഫിക്കറ്റ് നൽകേണ്ടത്.

....................................................

വേണം, എല്ലായിടത്തും

ആർ.ടി ഓഫീസ് സംബന്ധമായ എല്ലാ സേവനങ്ങൾക്കും പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഇൻഷ്വറൻസ് പോലെ തന്നെ ഇവയും രേഖകൾക്കൊപ്പം നിർബന്ധമായും സമർപ്പിക്കണം. ഫിനാൻസ് അവസാനിപ്പിക്കൽ, ഉടമയുടെ പേര് മാറ്റം, രജിസ്ട്രേഷൻ പുതുക്കൽ, പെർമിറ്റ് പുതുക്കൽ, ഫിറ്റ്നെസ് സർവീസ് തുടങ്ങി എല്ലാ സേവനങ്ങൾക്കും പുക പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാവും. ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഓൺലൈൻ വഴി മറ്റുള്ള കാര്യങ്ങൾ ചെയ്യാനാവൂ.

...................................

തിരുവനന്തപുരം ട്രാൻസ്പോർട്ട് കമ്മിഷണർ ഓഫീസ് വഴി, ഓൺലൈൻ ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വാഹൻ സോഫ്റ്റ് വെയറിൽ കയറാൻ പുക പരിശോധന കേന്ദ്രങ്ങൾ ഐ.ഡിയും പാസ് വേഡും നൽകും. ക്രമക്കേടുകൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷ

പി.ആർ.സുമേഷ്, ആർ.ടി.ഒ, ആലപ്പുഴ

..........................

പരിശോധന വിവരങ്ങൾ ഒറ്റ സോഫ്റ്റ് വെയറിലേക്ക് ബന്ധിപ്പിക്കുന്നത് പുക പരിശോധനാ കേന്ദ്രങ്ങൾക്കും നല്ലതാണ്. സർക്കാർ അംഗീകൃത സോഫ്റ്റ് വെയറായതിനാൽ തർക്കങ്ങൾ ഒഴിവാകും

റെന്നി, പുക പരിശോധന കേന്ദ്രം ഉടമ

............................

നിരക്ക്

 ഇരു ചക്ര വാഹനങ്ങൾ

പെട്രോൾ: 80 രൂപ

ഡീസൽ: 90 രൂപ

................................

 മുച്ചക്ര വാഹനങ്ങൾ

പെട്രോൾ: 80 രൂപ

ഡീസൽ: 90 രൂപ

..............................

 ലൈറ്റ് മോട്ടോർ വെഹിക്കിൾ

പെട്രോൾ: 100 രൂപ

ഡീസൽ: 110 രൂപ

ഹെവി മോട്ടോർ വെഹിക്കിൾ: 150 രൂപ