ആലപ്പുഴ: ക്ഷേത്രങ്ങൾ തുറന്നെങ്കിലും ഉപജീവനമാർഗം നിലച്ച് മാലകെട്ടൽ ജീവനക്കാർ. മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രജീവനക്കാർ ഒഴികെ പ്രധാന വരുമാന മാർഗമാണ് പൂകെട്ടൽ തൊഴിൽ. ലോക്ഡൗണിന് ശേഷം അമ്പലങ്ങൾ തുറന്നെങ്കിലും അകത്തളത്തി​ൽ ഇരുന്ന് പൂകെട്ടുന്നവരെ നിരോധിച്ചിരിക്കുകയാണ് പല ക്ഷേത്രങ്ങളും. അനുവദിക്കുന്ന സ്ഥലങ്ങളിൽ പൂകെട്ടുന്നവരിൽ നിന്ന് ആളുകൾ മാല മേടിക്കുവാനും മടിക്കുന്നുണ്ട്. പൊതുവേ ക്ഷേത്ര ദർശനത്തിന് ആളുകൾ എത്തുന്നത് കുറവാണ്. എത്തുന്നവരാകട്ടെ ദർശനം നടത്തി മടങ്ങുന്നതാണ് രീതി.

10 രൂപ നിരക്കിലുള്ള കൂവള മാലതൊട്ട് 100 രൂപ വിലയുള്ള പൂമാല വരെയാണ് ക്ഷേത്രത്തിൽ വിറ്റ് കൊണ്ടിരുന്നത്. ദിവസവും കുറഞ്ഞത് 500 രൂപവരെയുള്ള സമ്പാദ്യമാണ് കൊവിഡ് മൂലം നഷ്ടമായത്. കൊവിഡ് മൂലം പൊട്ടിത്തുടങ്ങിയ ജീവിതം കൂട്ടിക്കെട്ടാനുള്ള പെടാപ്പാടിലാണ് മാലകെട്ടൽ ഉപജീവനമാർഗമാക്കിയ ഒരുകൂട്ടം കുടുംബങ്ങൾ. പല ഉൗരായ്മ ക്ഷേത്രങ്ങളിലും കുടുംബപരമായാണ് ഇൗ തൊഴിൽ കൊണ്ടുപോകുന്നത്. വർഷങ്ങളായി ഇൗ തൊഴിലിനെ മാത്രം ആശ്രയിച്ചിരുന്നവർക്ക് പെട്ടെന്നുള്ള തൊഴിൽ നഷ്ടം ദുരി​തത്തി​ലാക്കി​യി​രി​ക്കുകയാണ്. ക്ഷേത്രങ്ങളിൽ സർക്കാർ മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായാണ് നിരോധനം. ക്ഷേത്രത്തിന്റെ പുറത്ത് വലിയ പൂക്കച്ചവടം നടത്തുന്നവരുടെ ഇടയിൽ പിടിച്ച് നിൽക്കാൻ കഴിയാത്തതാണ് ഇക്കൂട്ടർക്ക് തിരച്ചടിയാകുന്നത്. കടകളിൽ നിന്ന് മേടിക്കുന്ന പൂ ഉപയോഗിച്ചല്ല ഇക്കൂട്ടർ മാലകെട്ടുന്നത്. വീടുകളിൽ നിന്നുള്ള പൂക്കളാണ് ഇതിന് ഉപയോഗിക്കുന്നത്. പുറത്ത് കച്ചവടം നടത്തിയാൽ വെയിലത്ത് പൂ പെട്ടെന്ന് വാടിപോകുവാനും ഇടവരുന്നുണ്ട്.

മാലയുണ്ടെങ്കിലും ഞങ്ങളുടെ ജീവിതത്തിന് സുഗന്ധമില്ലാത്ത അവസ്ഥയാണ്. 500 രൂപ വരെ വരുമാനമുണ്ടായി​രുന്നു. ഇപ്പോൾ വലി​യ കഷ്ടത്തി​ലാണ് കാര്യങ്ങൾ.

മാലകെട്ടുന്ന തൊഴിലാളികൾ

......

# പേടിക്കാതെ

നാടൻ പൂക്കൾ ശേഖരിക്കാൻ അതിരാവിലെ ഉണർന്ന് പല വീടുകിൽ നിന്നാണ് മാലകെട്ടുന്നവർ ശേഖരിക്കുന്നത്. കൊവിഡ് കാലത്ത് വളരെ സൂക്ഷിച്ചാണ് പൂക്കൾ പറിക്കാൻ ഇറങ്ങുന്നത്. ഇത്രയും ബുദ്ധിമുട്ടി പൂകെട്ടിയാലും ആളുകൾ മേടിക്കാൻ ഇല്ലാത്തതിനാൽ പലരും ഇൗ തൊഴിൽ ഉപേക്ഷിക്കുകയാണ്. ക്ഷേത്രത്തിന്റെ അകതളത്ത് പൂകെട്ടുന്നവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. സാധാരണ കുടുംബങ്ങൾക്ക് ഒരു വരുമാന മാർഗമാണ് നിലച്ചത്.