
അമ്പലപ്പുഴ: പൊള്ളലേറ്റ് മരിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച കാക്കാഴം വെള്ളംതെങ്ങിൽ ബാലകൃഷ്ണന്റെ (56) മൃതദേഹം പൊതുപ്രവർത്തകർ ചേർന്നു സംസ്കരിച്ചു.
എസ്.കെ.എസ്.എസ്.എഫ് വിഖായ ടീമും, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി.ആർ. രജിത്ത്,വിഖായ ഭാരവാഹികളായ ഇജാസ്,ഹിലാൽ,ആഷിക്ക് എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടുവളപ്പിൽ സംസ്കാരം നടത്തിയത്. പ്രദേശം കണ്ടെയിൻമെന്റ് സോൺ ആയതിനാലും ബാലകൃഷ്ണനു കൊവിഡ് സ്ഥിരീകരിച്ചതിനാലും അയൽവാസികൾക്കോ ബന്ധുക്കൾക്കോ എത്താൻ കഴിയാത്തതിനാലാണ് ആശുപത്രി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പൊതുപ്രവർത്തകർ സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ശനിയാഴ്ചയാണ് ബാലകൃഷ്ണനെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ആലപ്പുഴ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: രേണുക. മക്കൾ: ഡോ.ബിപിൻ, ബിൻസിമോൾ.മരുമകൻ: അജികുമാർ. കോൺഗ്രസ് അമ്പലപ്പുഴ എം.സി.എച്ച് മണ്ഡലം പതിമൂന്നാം വാർഡ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.