road

പൂച്ചാക്കൽ: പൂച്ചാക്കൽ പൊതുമാർക്കറ്റിന് മുൻവശത്തെ റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ പതിവാകുന്നു.

ചേർത്തല - അരൂക്കുറ്റി റോഡിൽ പൂച്ചാക്കൽ മാർക്കറ്റ് കലുങ്കിൽ നിന്നു ഇടത്തേക്ക് തിരിയുന്ന വളവിലാണു അപകടക്കുഴി രൂപപ്പെട്ടിരിക്കുന്നത്. നൂറു കണക്കിന് വാഹനങ്ങളും കാൽനടക്കാരും സഞ്ചരിക്കുന്ന ഈ ഭാഗത്ത് അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച കാന റോഡിൽ നിന്നു അരമീറ്റർ ഉയരത്തിലാണ് നിൽക്കുന്നത്.

മഴക്കാലത്ത് കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനട പോലും അസാദ്ധ്യമാകാറുണ്ട്. കുഴിയുണ്ടെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കാനയുടെ നിരപ്പിൽ റോഡ് നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തംഗം രതി നാരായണൻ അറിയിച്ചു.