photo

ചേർത്തല: കൊവിഡ് പ്രതിരോധ സന്ദേശവുമായി 12 വയസുകാരി ആറു ജില്ലകളിലായി 148 ദിവസം സൈക്കിളിൽ സഞ്ചരിച്ചത് 8500 കിലോമീ​റ്റർ. അങ്കമാലി പാലുശ്ശേരിയിൽ വെട്ടിയാടൻ വീട്ടിൽ വി.സി.ബിജുവിന്റെയും സിനിയുടെയും ഇളയമകൾ സേതുലക്ഷ്മി 148-ാം ദിവസമായ ഇന്നലെ എത്തിച്ചേർന്നത് ചേർത്തല താലൂക്കിലായിരുന്നു. ലഡാക്കിലേക്കുള്ള സൈക്കിൾ യാത്രയുടെ തയ്യാറെടുപ്പുകൾ കൂടിയാണ് സന്ദേശയാത്രയിലൂടെ സേതുലക്ഷ്മി ലക്ഷ്യമിടുന്നത്.

മൂന്നര വയസുമുതൽ വല്യച്ഛൻ പി.സി.ജോഷിയുടെ കുടുംബത്തിനൊപ്പം കോട്ടയം വടവാതൂരാണ് സേതുലക്ഷ്മി താമസിക്കുന്നത്. കോട്ടയം മൗണ്ട് കാർമ്മൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ സേതുലക്ഷ്മി ആദ്യ ഘട്ട ലോക്ക്ഡൗൺ ഇളവിന് ശേഷം മേയ് 13നാണ് സൈക്കിൾ സന്ദേശയാത്ര ആരംഭിച്ചത്. ദിവസവും പുലർച്ചെ തുടങ്ങുന്ന യാത്ര ശരാശരി 50-60 കിലോമീ​റ്റർ നീളും.150 കിലോമീ​റ്റർ സഞ്ചരിച്ച ദിവസവും ഉണ്ട്.ശനി,ഞായർ ദിവസങ്ങളിലാണ് കൂടുതൽ ദൂരം താണ്ടുന്നത്.
ഇതിനോടകം കോട്ടയം,ഇടുക്കി,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,തൃശൂർ ജില്ലകളിൽ സേതുലക്ഷ്മി സൈക്കിളിൽ സന്ദേശവുമായെത്തി. വടവാതൂരിൽ നിന്നാണ് ദിവസേന യാത്ര ആരംഭിക്കുന്നത്. വൈകിട്ട് വീട്ടിൽ തിരിച്ചെത്തും.കോട്ടയം സൈക്കിൾ ക്ലബ്ബിലെ അംഗമാണ്.കെ.സി.സി അംഗങ്ങൾക്കൊപ്പമുള്ള യാത്രയിൽ ജോഷിയും ബൈക്കിൽ കൂടെയുണ്ടാവും. നാലാം ക്ലാസ് മുതൽ സൈക്കിൾ കൂടെ കൂട്ടിയ സേതുലക്ഷ്മി അഞ്ചുകിലോമീ​റ്റർ അകലെയുള്ള സ്‌കൂളിലേക്കു സൈക്കിളിലാണ് പോയിരുന്നത്.