മാവേലിക്കര: മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വയോധികരുടെ കലാ സൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള കൈയെഴുത്ത് മാസിക പ്രസിദ്ധീകരിക്കുന്നു. കൊവിഡ് പ്രതിരോധം, പ്രളയദുരിതങ്ങൾ, നിപ്പ വൈറസ് പ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ കേന്ദ്രീകരിച്ചും ഇതര വിഷയങ്ങൾ സംബന്ധിച്ചും കഥ, കവിത, കാർട്ടൂൺ, ചിത്രരചന തുടങ്ങി സൃഷ്ടികൾ നടത്താം. കേരളപ്പിറവി ദിനത്തിൽ മാസിക പ്രസിദ്ധീകരിക്കും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ ഓണാട്ടുകര ചരിത്ര, പൈതൃക, കാർഷിക മ്യൂസിയത്തിന്റെ ഭാഗമായുള്ള ഓണാട്ടുകര പുസ്തകമൂലയിൽ കൈയെഴുത്ത് മാസിക പ്രദർശിപ്പിക്കും. കൂടാതെ മാഗസിനായും വായനക്കാരിലേക്ക് എത്തിക്കും.

സൃഷ്ടികൾ മൂന്നു പേജിൽ കവിയരുത്. 15നകം പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത്, മാവേലിക്കര എന്ന വിലാസത്തിൽ ലഭിക്കണം. കൈയെഴുത്ത് മാസികയ്ക്ക് പേര് നിർദ്ദേശിക്കാനും അവസരമുണ്ട്. പ്രായപരിധിയില്ല. നിർദ്ദേശിക്കുന്ന പേരുകളിൽ നിന്ന് ജഡ്ജിംഗ് കമ്മറ്റി തിരഞ്ഞെടുക്കുന്ന പേര് മാസികയ്ക്ക് നൽകുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അറിയിച്ചു.