ചേർത്തല:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭ മുട്ടം മാർക്കറ്റ് റോഡിന്റെ നാലുഭാഗവും താത്കാലികമായി അടച്ചു.മാർക്കറ്റിനോട് ചേർന്ന് രോഗവ്യാപനം കൂടിയതിനാലും ഇനി ഉണ്ടാകാതിരിക്കാനും ജനക്കൂട്ടം ഒഴിവാക്കാനുമുള്ള മുൻകരുതലാണ് നടത്തിയിരിക്കുന്നതെന്നും ആശങ്ക വേണ്ടെന്നും നഗരസഭ ചെയർമാൻ വി.ടി. ജോസഫ് പറഞ്ഞു.
വടക്കേ അങ്ങാടിക്കവല, കിഴക്ക് പടയണിപ്പാലം,തെക്ക് പാരഡൈസ്,പടിഞ്ഞാറ് കമ്പിക്കാൽകവല എന്നിവിടങ്ങളിലാണ് പൈപ്പ് ഉപയോഗിച്ച് അടച്ചിരിക്കുന്നത്.മാർക്കറ്റ് അടച്ചിട്ടില്ല. നടന്നു പോകുന്നതിനു തടസമില്ല. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാനാകില്ല. സാമൂഹിക അകലം പാലിച്ചു സാധനങ്ങൾ വാങ്ങി മടങ്ങാൻ സൗകര്യമുണ്ട്. 5 പേരിൽ കൂടുതൽ കൂടിയാൽ പൊലീസ് നടപടി ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു.