
തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ പറയകാട് ചിരട്ടപ്പാലം തകർച്ചയുടെ വക്കിൽ. കാൽ നൂറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ കോൺക്രീറ്റുകൾ അടർന്ന് കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്.
പാലം തകർച്ചയിലായതോടെ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. പടിഞ്ഞാറൻ കരിനിലങ്ങളോട് ചേർന്ന് താമസിക്കുന്ന 20 ഓളം കുടുംബങ്ങളുടെ പ്രധാന സഞ്ചാരമാർഗ്ഗമാണിത്. പള്ളിത്തോട് - കൊച്ചുവാവക്കാട് പാടശേഖരത്തേക്കുള്ള കാർഷിക ഉപകരണങ്ങളും മറ്റും വാഹനത്തിൽ ഈ പാലം വഴിയാണ് എത്തിക്കുന്നത്. വീതി കുറവായതിനാൽ ഓട്ടോറിക്ഷ, കാർ പോലെയുള്ള ചെറിയ വാഹനങ്ങൾക്കു മാത്രമേ പാലം മറികടക്കാൻ കഴിയുന്നുള്ളൂ. കരേത്തോടിന് കുറുകെ മുമ്പ് സ്ഥാപിച്ചിരുന്ന നടപ്പാലം പൊളിച്ച് 1995ലാണ് കോൺക്രീറ്റ് പാലം നിർമ്മിച്ചത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതു മൂലമാണ് പാലം ശോച്യാവസ്ഥയിലായതെന്ന് നാട്ടുകാർ പറയുന്നു. വീതി കുട്ടി പുതിയ പാലം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പറയകാട് 4365-ാം നമ്പർ ശാഖാ പ്രസിഡന്റ് ആർ.ബിജു , സെക്രട്ടറി അജയൻ പറയകാട് എന്നിവർ ആവശ്യപ്പെട്ടു.