
ആലപ്പുഴ: കൊവിഡ് കാലത്തെ പുതിയ താരമാണ് അണുനശീകരണം. മാസ്കും സാനിട്ടൈസറും ഉണ്ടെങ്കിലും മൊത്തത്തിലുള്ള അണുനശീകരണം ഇന്ന് കൂടുതൽ ആവശ്യമായി വരികയാണ്. ആളുകളുടെ സുരക്ഷാ ബോധം കൂടിയപ്പോൾ എന്തായാലും പുതിയ ഒരു തൊഴിൽ മേഖലയാണ് തുറന്നിരിക്കുന്നത്.
മുൻപ് ഓഫീസുകളിലും ബസുകളിലുമാണ് അണുനശീകരണം നടത്തിയിരുന്നതെങ്കിൽ ഇന്നതല്ല സ്ഥിതി. വിവാഹം, മരണം, പാലുകാച്ചിൽ തുടങ്ങി ആളുകൾ കൂടുന്ന ഇടങ്ങളിൽ ഇന്ന് ചടങ്ങുകൾക്ക് മുൻപും ശേഷവും അണുനശീകരണം നടത്തുകയാണ് പലരും. കൊവിഡ് ഭീതി കൊണ്ട് മാസത്തിലൊരിക്കൽ വീടുകളിൽ അണുനശീകരണം നടത്തുന്നവരുമുണ്ടത്രെ.
തൊഴിലും വരുമാനവും കുറഞ്ഞതോടെ പുതിയ തൊഴിൽ സംരംഭവുമായി മുന്നോട്ടുവരുന്നത് കൂടുതലും തൊഴിൽ രഹിതരായ യുവാക്കളാണ്. ജില്ലയിൽ അണുവിമുക്ത ഏജൻസികൾ സജീവമായതോടെ മത്സരാടിസ്ഥാനത്തിൽ തന്നെയാണ് പലരും ജോലി കോൺട്രാക്ട് എടുക്കുന്നത്.
സ്ക്വയർഫീറ്റ് അനുസരിച്ചാണ് തുക നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പല ഏജൻസികളും സ്ക്വയർ ഫീറ്റിന് ഒരു രൂപ മുതതലാണ് ഇൗടാക്കുന്നത്. പലരും തുകയിൽ ഇളവ് വരുത്തി ആകർഷകമായ ഒാഫറുകൾ നൽകുന്നുണ്ട്. സ്ക്വയർ ഫീറ്റിന് 50,75 പൈസയ്ക്ക് ചെയ്ത് നൽകുന്നവരുമുണ്ട്.
ബിസിനസ് മാത്രമായാൽ കുഴപ്പം
അധികലാഭം കണക്കാക്കി ഇൗ മേഖലയിലേക്ക് ചുവടുറപ്പിക്കല്ലേയെന്ന അധികൃതരുടെ മുന്നറിയിപ്പുമുണ്ട്. അണുനശീകരണം കുറ്റമറ്റ രീതിയിൽ ചെയ്തു നൽകുകയാകണം ലക്ഷ്യം. അതിന് മത്സരിച്ച് തുക കുറച്ച് കോൺട്രാക്ട് ഏറ്റെടുക്കുന്നത് ജോലിയുടെ ഗുണനിലവാരത്തെ ബാധിക്കുകയായിരിക്കും ചെയ്യുന്നത്.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പമ്പിൽ എകോ സാൻ ബി.കെ കോൺസെന്ററേറ്റ് അണുവിമുക്ത ലായനിയാണ് ഉപയോഗിക്കുന്നത്. ഇൗ ലായനി കൊറോണ വൈറസിനെ മാത്രമല്ല ബാക്ടീരികളെയും നശിപ്പിക്കും. ഒാരോ ഏജൻസിയിലും രണ്ട് തൊഴിലാളികൾ വീതമാണ് അണുനശീകരണം നടത്തുന്നത്.
..........
ചെലവ്
യന്ത്രം.........₹ 4500
ലായനി.......₹ 300(1 ലിറ്റർ)
പി.പി കിറ്റ്.....₹600
കൂലി.............₹800
........
# ഒരാഴ്ച നീണ്ടുനിൽക്കും
ഇകോ ഫ്രണ്ട്ലിയായ ലായനി ആയതിനാൽ ഭക്ഷണപദാർത്ഥത്തിൽ വീണാലും കുഴപ്പമില്ല. ഒരു തവണ നടത്തിയാൽ അതിന്റെ ഗുണം ഒരാഴ്ചവരെ നീണ്ടുനിൽക്കും. വീടുകൾ അണുനശീകരണം നടത്തികഴിഞ്ഞ് തുടച്ചാൽ രണ്ട് ദിവസത്തേക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ. 10 ലിറ്റർ ലായിനിയാണ് 1500 സ്ക്വയർ ഫീറ്റ് വീടുകളിൽ തളിക്കുന്നത്. വീടുകളിൽ ഭിത്തി,വാതിൽ,ജനാല,കർട്ടൻ എന്നിവിടങ്ങളിലാണ് ഇത് ഉപയോഗിക്കുന്നത്.
.....
# ലായിനി കലക്കൽ
16 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിൽ 200 എം.എൽ മിശ്രിതം ആണ് കലക്കുന്നത്. കൊവിഡ് പൊസിറ്റീവ് സ്ഥിരീകരണം നടന്ന സ്ഥലങ്ങളിൽ കൂടുതൽ മിശ്രിതം ഉപയോഗിക്കും. അവിടെ പി.പി കിറ്റ് ധരിച്ചാണ് തൊഴിലാളികൾ അണുവിമുക്തമാക്കൽ നടത്തുന്നത്.
.......
# ഒാൺലൈൻ
ഫോൺ വഴിയാണ് ഏജൻസികൾ നിലവിൽ ബുക്കിംഗ് നടത്തുന്നത്. ഒാൺലൈൻ ബുക്കിംഗിനുള്ള തയ്യാറെടുപ്പിലാണ് ഏജൻസികൾ . ഇ-ബുക്കിംഗിലൂടെ കൂടുതൽ ഉപഭോക്താക്കളെ ലഭ്യമാകും. ഇത് തൊഴിൽ സാദ്ധ്യതയും കൂട്ടുമെന്ന് ഇവർ പറയുന്നു.
........
'' സ്ക്വയർ ഫീറ്ററിന് ഒരു രൂപയാണ് ഇൗടാക്കുന്നത്. ഗാന്ധിജയന്തി ദിനത്തിൽ സൗജന്യമായി അണുനശീകരണം ചെയ്തിരുന്നു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഇത് വരുമാന മാർഗമാണ്. ആദ്യമായതിനാൽ ലാഭം നോക്കുന്നില്ല. എന്നാൽ വരുമാനമാർഗം കൂടെയാണ്. ഒരു ദിവസം അഞ്ച് സ്ഥലങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്.
പി.ജെ.കുര്യൻ,ഗോൾഡൻ ചാരിറ്റബിൾ ട്രസ്റ്റ് സാനിറ്റെസിംഗ് ചെയർമാൻ