
ആലപ്പുഴ: നെൽകൃഷി ചെയ്യാവുന്ന വയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുകയും, കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന വയലുടമകൾക്ക് റോയൽറ്റി നൽകുന്ന സർക്കാർ പദ്ധതിയിലേക്ക് അപേക്ഷകൾ ലഭിച്ചുതുടങ്ങി.
ജില്ലയിൽ ഇതുവരെ പതിനായിരത്തോളം വയലുടമകളാണ് ഓൺലൈൻ വഴി അപേക്ഷിച്ചത്.
ഹെക്ടറിന് ഓരോ വർഷവും 2000 രൂപയാണ് റോയൽറ്റി. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയറ്റിക്ക് അർഹരാണ്. നെൽവയലിൽ ഇടവിളകൃഷിയായി പച്ചക്കറികൾ, പയർ വർഗങ്ങൾ, എള്ള്, നിലക്കടല തുടങ്ങി മണ്ണിന്റെ സ്വഭാവത്തിൽ വ്യതിയാനം വരുത്താത്ത കൃഷികൾ ചെയ്യുന്ന നിലം ഉടമകളും റോയൽറ്റിക്ക് അർഹരാണ്. തരിശിട്ടിരിക്കുന്ന വയൽ പാട്ടത്തിന് നൽകി കൃഷി പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ, ഉടമകൾക്ക് റോയൽറ്റിക്ക് അപേക്ഷിക്കാം. എന്നാൽ ഇതേ ഭൂമി തുടർച്ചയായി മൂന്നുവർഷം തരിശിട്ടാൽ റോയൽറ്റി അർഹത നഷ്ടമാകും.
2020 - 21 ബഡ്ജറ്റിൽ നെൽകൃഷി വികസനത്തിന് 118.24 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ ഉൾപ്പെടുത്തിയാണ് നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകർക്ക് സഹായം ലഭിക്കില്ല. ആധാറിനും ബാങ്ക് രേഖകൾക്കുമൊപ്പം കൃഷി ഭൂമിയുടെ (നിലം) കരമടച്ച രസീതും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. അതിനാൽ കൃഷിഭൂമിയുടെ യഥാർത്ഥ അവകാശികൾക്ക് മാത്രമേ പദ്ധതിയിൽ അപേക്ഷിക്കാനാവൂ. www.aims.kerala.gov.in എന്ന പോർട്ടലിൽ ലഭിക്കുന്ന റോയൽറ്റി അപേക്ഷകളുടെ അടിസ്ഥാനത്തിൽ നെൽവയലുകളുടെ ഭൗതിക പരിശോധന കൃഷിവകുപ്പ് അധികൃതർ നടത്തും.
....................................
വെട്ടിലായത് പാട്ടം
ജില്ലയിൽ 80 ശതമാനവും പാട്ടക്കൃഷിക്കാരാണ് (ഭൂവുടമയ്ക്ക് നിശ്ചിത തുക നൽകി നിലം ഏറ്റെടുത്ത് കൃഷി ചെയ്യുന്നവർ). ബാക്കി വരുന്ന 20 ശതമാനത്തിനു മാത്രമാണ് പുതിയ പദ്ധതി വഴി സഹായം ലഭിക്കുക. ആയിരത്തിലധികം പാട്ടക്കൃഷിക്കാരാണ് കുട്ടനാട്ടിലുള്ളത്.
................................
ജില്ലയിലെ കൃഷിനിലം: 38,000 ഏക്കർ
ഇത്തവണ കൃഷി: 28,000 ഏക്കർ
..............................
വെട്ടിപ്പ് വിളയുന്നു
പ്രതിവർഷം 6000 രൂപ മൂന്ന് ഘട്ടമായി കർഷകരുടെ അക്കൗണ്ടിലെത്തുന്ന പ്രധാനമന്ത്രി കൃഷി സമ്മാൻ പദ്ധതിയിൽ നിരവധി അനർഹർ കടന്നുകൂടിയതായി ആക്ഷേപം. കൃഷി ഭൂമിയല്ലാത്ത കരപ്രദേശത്തിന്റെ കരം അടച്ച രസീത് ഹാജരാക്കിയാണ് പലരും പണം തട്ടുന്നത്. മുടങ്ങാതെ പണം ലഭിക്കുന്നതിനാൽ നിരവധി അപേക്ഷകരാണ് കിസാൻ സമ്മാൻ പദ്ധതിയിലുള്ളത്.
..........................
നെൽവയൽ ഉടമകളെ സഹായിക്കാൻ ആദ്യമായാണ് പദ്ധതി വരുന്നത്. ഹെക്ടറിന് 2000 രൂപ ധനസഹായം ചെറിയ ആശ്വാസം നൽകുന്നതാണ്. ഈ വർഷം മടവീഴ്ച മൂലമുണ്ടായ കൃഷി നാശത്തിന് നഷ്ടപരിഹാരമൊന്നും ലഭിച്ചിട്ടില്ല
കെ.വി.മോഹനൻ, നെൽവയൽ ഉടമ, കന്നിട്ട പാടശേഖരം