t

ആലപ്പുഴ: കടൽക്ഷോഭവും തീരം കടലെടുക്കുന്നതും 'പരമ്പരാഗത' രീതിയാണെങ്കിലും പുലിമുട്ട് കെട്ടുന്ന പരമ്പരാഗത ശൈലി മാറ്റിപ്പിടിക്കാൻ ഒരുങ്ങുകയാണ് ജില്ലയിൽ ജലസേചന വകുപ്പ്. കരിങ്കല്ലുപയോഗിച്ചുള്ള പുലിമുട്ടുകൾക്കു പകരം ടെട്രാ പോഡ് (നാലു കാലുകളുള്ള കോൺക്രീറ്റ് നിർമ്മിതി) നിരത്തി പുലിമുട്ടുകൾ നിർമ്മിക്കാനാണ് വകുപ്പ് ഒരുങ്ങുന്നത്.

ആദ്യഘട്ടമെന്നോണം ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭ മണ്ഡലങ്ങളിൽ അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന 13.30 കിലോമീറ്റർ നീളത്തിൽ 114 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. അഞ്ച് പദ്ധതികൾക്കായി 184.04 കോടിയുടെ അനുമതി കിഫ്ബിയിൽ നിന്നു ലഭിച്ചു. നിർമ്മാണ ചുമതല കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷനാണ്. ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന് ശേഷം തയ്യാറാക്കിയ ഡിസൈൻ അനുസരിച്ചാണ് ജില്ലയിൽ ആദ്യമായി ടെട്രാപോഡ് ഉപയോഗിച്ചുള്ള പുലിമുട്ട് നിർമ്മാണത്തിനു തുടക്കമാകുന്നത്.

വർഷങ്ങളായി രൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് പുലിമുട്ടുകളുടെ നിർമ്മാണത്തിന് ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്തത്. എല്ലാവർഷവും തീരമേഖലയിൽ താത്കാലിക പുനരധിവാസത്തിനു വേണ്ടി വലിയ തുക സർക്കാരിനു ചെലവാകുന്നുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടെ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവൃത്തികൾക്കായി ഏകദേശം 25 കോടിയോളം ചെലവാക്കിയിട്ടുണ്ട്. എല്ലാ വർഷവും കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾക്കായി രണ്ട് കോടിയോളം ചെലവാകും. ഇതിനു പരിഹാരമെന്നോണമാണ് സുരക്ഷിതമായ പുലിമുട്ട് നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. നിർമ്മാണോദ്ഘാടനം കാട്ടൂരിൽ മന്ത്രി ഡോ. തോമസ് ഐസക് നിർവഹിച്ചു.

............................

# സംഗതി ഇങ്ങനെ

 പുലിമുട്ട് രൂപരേഖ ചെന്നൈ ഐ.എ.ഐടിയുട‌േത്

 കരയിൽ നിന്ന് 20 മുതൽ 40 വരെ മീറ്റർ നീളം

 അടിഭാഗത്ത് 20 മുതൽ 32 മീറ്റർ വരെ വീതി

 മുകളിൽ അഞ്ചു മുതൽ ആറു മീറ്റർ വരെ വീതി

 സമുദ്ര നിരപ്പിൽ നിന്ന് നാലു മീറ്റർ വരെ ഉയരം

 രണ്ട് ടൺ ഭാരമുള്ള ടെട്രാപോഡ് നാല് വശവും അടുക്കും

 ഇതിനടുത്ത് 100 മുതൽ 1000 കിലോ വരെയുള്ള ചെറുകല്ല് നെറ്റ് വിരിച്ച് ഉള്ളിൽ നിറയ്ക്കും

 മുകൾഭാഗത്ത് അഞ്ച് ടൺ ഭാരമുള്ള രണ്ട് പാളി ടെട്രാപോഡ് അടുക്കും

..................................

# പ്രതീക്ഷ ഇങ്ങനെ

പദ്ധതി പൂർത്തിയാകുമ്പോൾ ആറു പഞ്ചായത്തുകളിലായി ഏകദേശം 625 കുടുംബങ്ങൾക്ക് പ്രത്യക്ഷമായും 1500-2000 കുടുംബങ്ങൾക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും 75 ഹെക്ടർ സ്ഥലം ഓരോ വർഷവും സംരക്ഷിക്കപ്പെടും. പുനരധിസിപ്പിക്കാൻ ചെലവാക്കുന്ന വലിയ തുക ലാഭിക്കാൻ കഴിയും.

........................................

# പുലിമുട്ട്

കടലിനുള്ളിലേക്ക് നിശ്ചിത അകലത്തിൽ ചെറിയ കരിങ്കൽ തിട്ടകൾ കെട്ടുന്നതാണ് പുലിമുട്ടുകൾ. വീതിയേറിയ സ്ഥലം പൊടുന്നനെ ഇടുങ്ങിയതാവുമ്പോൾ ഒഴുക്കിന്റെ ശക്തി വർദ്ധിക്കുകയും അടിത്തട്ടിലെ മർദ്ദം കുറയുകയും ചെയ്യുന്നു. കടലിലേക്ക് വീതി കുറഞ്ഞ് വരുന്ന രീതിയിൽ ഈ കെട്ട് നിർമ്മിച്ചിരിക്കുന്നതിനാൽ തിരമാലകൾ തള്ളിക്കയറുന്നതിന് തടയിടും.

.................................

പദ്ധതി നടപ്പാക്കുന്ന പ്രദേശങ്ങൾ

ആലപ്പുഴ മണ്ഡലം: കാട്ടൂർ മുതൽ ഓമനപ്പുഴ വരെ

പുലിമുട്ട്-34

നീളം-3.2കിലോമീറ്റർ

തുക- 50 കോടി

അമ്പലപ്പുഴ മണ്ഡലം: കാക്കാഴം മുതൽപുന്നപ്ര വരെ

പുലിമുട്ട്-30

നീളം-5.40 കിലോമീറ്റർ

345 മീറ്റർ നീളത്തിൽ കടൽഭിത്തി

തുക-54 കോടി

ഹരിപ്പാട് മണ്ഡലം: പതിയാങ്കര, ആറാട്ടുപുഴ, വട്ടച്ചാൽ

# ആറാട്ടുപുഴ

പുലിമുട്ട്-21

നീളം-1.4 കിലോമീറ്റർ

തുക-29 കോടി

# വട്ടച്ചാൽ

പുലിമുട്ട്-16

നീളം-1.80 കിലോമീറ്റർ

തുക-31 കോടി

# പതിയാങ്കര

പലിമുട്ട്-13

നീളം-1.50 കിലോമീറ്റർ
തുക-22കോടി

......................................................

കടലാക്രമണം രൂക്ഷമായ ജില്ലയിലെ തീരസംരക്ഷണത്തിനായി ടെട്രാപോഡ് പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോഗമിക്കുകയാണ്. അധികം വൈകാതെ വിഷയത്തിന് ശാശ്വത പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം

കെ.പി.ഹരൻബാബു, ഡെപ്യൂട്ടി ജനറൽ മാനേജർ,കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ

..................................................