
ആലപ്പുഴ: മത്സ്യസമ്പത്ത് ശോഷിക്കാതിരിക്കാൻ ഫിഷറീസ് വകുപ്പ് ഉൾനാടൻ ജലാശയങ്ങളിലടക്കം വൻതോതിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കവേ, നഞ്ചു കലർത്തിയുള്ള മീൻ പിടിത്തത്തിലൂടെ ഒരുപറ്റം സാമൂഹ്യദ്രോഹികൾ ഉൾനാടൻ മത്സ്യമേഖലയുടെ ഭാവി പ്രതീക്ഷകൾ മുച്ചൂടും മുടിപ്പിക്കുന്നു. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ഇത്തരത്തിലുള്ള മീൻപിടിത്തം വ്യാപകമാവുകയാണ്. കഴിഞ്ഞ ആഴ്ച തൃക്കുന്നപ്പുഴയിലെ കരിമീൻകൂട് കൃഷിയിടത്തിൽ നഞ്ച് കലക്കിയതിനെത്തുടർന്ന് രണ്ടു ലക്ഷത്തോളം രൂപയുടെ കുഞ്ഞുങ്ങളാണ് ചത്തടിഞ്ഞത്.
കൊവിഡിനെത്തുടർന്ന് കടൽ മത്സ്യബന്ധനത്തിന് പലവിധ നിയന്ത്രങ്ങൾ വന്നതും ഈ സമയം കായൽ മത്സ്യങ്ങൾക്ക് പ്രിയം കൂടിയതുമാണ് നഞ്ച് കലക്കൽ വ്യാപകമാകാൻ കാരണം. സർക്കാർ ഏജൻസികൾ പൊതുജലാശയങ്ങളിൽ നിക്ഷേപിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളും നഞ്ച് പ്രയോഗത്തിലൂടെ നഷ്ടപ്പെടുന്നുണ്ട്. രാത്രിയുടെ മറപറ്റിയാണ് ഇത്തരം അനധികൃത മത്സ്യബന്ധനം നടക്കുന്നത്. ചെറുവള്ളത്തിൽ എത്തി നഞ്ച് കലക്കും. മയങ്ങിക്കിടക്കുന്ന വലിയ മീനുകൾ കൈക്കലാക്കുന്ന ഇവർ ചത്തു പൊങ്ങുന്ന ചെറുമീനുകളെ ഉപേക്ഷിക്കും. ഈ മീനുകൾ അഴുകുന്നതോടെ ജലാശയം മലിനമാകും. ഇത് പ്രദേശവാസികളിൽ പലവിധ ത്വക്ക് രോഗങ്ങൾക്കും കാരണമാവുന്നുണ്ട്.
വിഷംകലർത്തി മീൻ പിടിക്കുന്നതിനു തടയിടാൻ പ്രത്യേക പരിശോധന നടത്തുന്നതിന് പൊലീസിനോ ഫിഷറീസ് വകുപ്പിനോ കഴിയുന്നില്ല. കുട്ടനാടൻ മേഖലകളായ മങ്കൊമ്പ്,കാവാലം,നീരേറ്റുപുറം എന്നിവിടങ്ങളിൽ നഞ്ച് കലർത്തൽ വ്യാപകമാണ്. വിഷം പരന്ന ആറ്റുകടവിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. ചുവന്ന നിറത്തിൽ ശരീരം തടിക്കും. തീരത്തെ കിണറുകളിലെ വെള്ളം മലിനമാകാനും സാദ്ധ്യതയുണ്ട്. പല സ്ഥലങ്ങളിലും പ്രദേശവാസികളൊക്കെത്തന്നെയാണ് ഇത്തരം മീൻപിടിത്തത്തിൽ ഏർപ്പെടുന്നത്.
........
'വലിയ' ലക്ഷ്യം
നഞ്ച് കലക്കുന്നവരുടെ ലക്ഷ്യം വലിയ മീനുകളാണ്. കരിമീൻ, കട്‌ല, ആറ്റുവാള, ചേറുമീൻ എന്നിവയെ ഉന്നമിട്ടാണ് നഞ്ചുകലക്കൽ. നാടൻ മത്സ്യങ്ങളായ കോല, പള്ളത്തി,വാള, കുറുവ,വരാൽ, തൂളി തുടങ്ങിയ നിരവധിയിനം മത്സ്യങ്ങളാണ് അനധികൃത മത്സ്യബന്ധനം മൂലം നശിക്കുന്നത്. എണ്ണത്തിൽ കുറവുള്ള ഇവയുടെ വംശനാശത്തിന് നഞ്ചു കലക്കൽ വഴിതെളിക്കുന്നു.
..........
നഞ്ച്
വിഷക്കായ അരച്ച് തുരിശ്, ഫുറിഡാൻ, മണ്ണെണ്ണ എന്നിവയുമായി ചേർത്താണ് നഞ്ച് മിശ്രിതം തയ്യാറാക്കുന്നത്. പൊള്ളുന്ന ചൂടാണ് ഈ മിശ്രിതത്തിന്. മീനുള്ള ഭാഗത്ത് വെള്ളത്തിൽ ഇത് കലർത്തും. കണ്ണിൽ ചൂടും വിഷച്ചൂരുമേറ്റ് പ്രാണവേദനയുമായി പായുന്ന മീനുകളെ വലയിലാക്കും. മറ്റുള്ളവ മയങ്ങി ജലപ്പരപ്പിലെത്തും.
....................................
നഞ്ച് കലക്കൽ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വിഷം കലക്കി വൻതോതിൽ മീൻ കൊണ്ടുപോകുമ്പോൾ ചൂണ്ടയും വലയുമായി മീൻപിടിക്കാനെത്തുന്ന സാധാരണ തൊഴിലാളികൾക്ക് രാത്രി ഉറക്കം നഷ്ടമാകുന്നത് മിച്ചം. നഞ്ച് കലർത്തൽ മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിക്കും
(പരമ്പരാഗത മത്സ്യത്തൊഴിലാളികൾ)