ആലപ്പുഴ: കൊവി​ഡ് ഭീതി​ മറ്റെന്നത്തേക്കാളുപരി​ ഉയർന്നതോടെ ഏറെ ഭീതി​ദമായ ഒരു ഘട്ടത്തി​ലേക്കാണ് ജി​ല്ല കടന്നി​രി​ക്കുന്നത്. കഴി​ഞ്ഞ ദി​വസം ആറുപേരുടെ ജീവനാണ് വി​വി​ധ മേഖലകളി​ലായി​ കൊവി​ഡ് കവർന്നത്. മേയ് മുതൽ ഒക്ടോബർ നാലുവരെ 47 പേരാണ് കൊവി​ഡ് ബാധി​ച്ച് മരി​ച്ചത്. ഇത് ഒൗദ്യോഗി​ക കണക്കാണ്. എന്നാൽ അനൗദ്യോഗി​ക മരണ സംഖ്യ 61 ആണെന്നാണ് വി​വരം.

സ്വാഭാവിക മരണത്തിന് ശേഷം നടത്തുന്ന പരിശോധനയിലാണ് കൂടുതൽ പേരുടെയും രോഗം സ്ഥിരീകരിക്കുന്നതെന്നത് സ്ഥി​തി​ ഗുരുതരമാക്കുന്നു. കഴിഞ്ഞ രണ്ട്മാസമാണ് രോഗബാധിതരുടെ എണ്ണം കൂടി​യത്.

സമ്പർക്കത്തിലൂടെ കൊവിഡ് രോഗവ്യാപനം വർദ്ധിച്ചത് പൊതുവേ ഓണക്കാലത്ത് അനുഭവപ്പെട്ട തിരക്കിന് ശേഷമാണ്. ജനുവരി മുതൽ ആഗസ്റ്റ് വരെ രോഗം സ്ഥിരീകരിച്ചത് 5620പേർക്കാണ്. എന്നാൽ സെപ്തംബറിൽ രോഗം സ്ഥിരീകരിച്ചവർ 14248ലും ജീവൻ പൊലിഞ്ഞത് 19പേരുമാണ്. മേയ് 23ന് ആണ് ആദ്യമായി ജില്ലയിൽ സമ്പർക്കവ്യാപനം റിപ്പോർട്ട് ചെയ്തത്. നൂറനാട് ഐ.ടി.ബി.പിയിലെ ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ രോഗം സ്ഥിതീകരിച്ചതോടെയാണ് ആദ്യമായി ജില്ലയിൽ രോഗനിരക്ക് ഉയർന്നത്. ഇത് നിയന്ത്രണ വിധേയമായെങ്കിലും ആഗസ്റ്റ് മാസം അവസാനം മുതൽ ഇന്നലെ വരെ രോഗം സ്ഥിരീകരിക്കുന്നവരുടെ 90ശതമാനത്തിൽ അധികവും സമ്പർക്ക വ്യാപനത്തിലൂടെയാണ്.

കഴിഞ്ഞ ദിവസം കൊവിഡ് ബാധി​ച്ച് മരി​ച്ചവർ
തുമ്പോളി സ്വദേശി ജോസഫ് അഗസ്റ്റിൻ(73), കാരിച്ചാൽ സ്വദേശിനി ശശിധരൻ(72), കൊയ്പ്പള്ളിക്കാരായ്മ സ്വദേശി മീനാക്ഷിഅമ്മ(72), ഇലപ്പിക്കുളം സ്വദേശി അബ്ദുൾറഹ്മാൻ കുഞ്ഞ്(67), പാണാവള്ളി സ്വദേശി നിർമ്മലാനന്ദൻ നായർ(ഓമനക്കുട്ടൻ-68), യോഗക്ഷേമ സഭ മുൻ സംസ്ഥാന ഭാരവാഹി ജി.നാരായണൻ നമ്പൂതിരി​(68)

ഞെട്ടലുളവാക്കുന്ന കണക്കുകൾ

ഓണക്കാലത്ത് ഒരു തരത്തിലുള്ള നിയന്ത്രണവും സർക്കാർ നിർദേശങ്ങളും പാലിക്കാതെയാണ് ജനം തെരുവിൽ ഇറങ്ങിയത്. വ്യാപാരസ്ഥാപനങ്ങളിൽ സാമൂഹിക അകലം ഒരിടത്തും പാലിച്ചില്ല. കൈകഴുകാൻ സോപ്പും വെള്ളവും സാനിട്ടൈസറും പല കടകളിലും ഇല്ലായിരുന്നു. ഓണത്തിന് ശേഷം നടത്തിയ പരിശോധനയിൽ രോഗവ്യാപനം കൂടിയെന്ന് വ്യക്തമായി​രുന്നു. ആരോഗ്യ വകുപ്പിനെയും ജില്ലഭരണകൂടത്തെയും ഞെട്ടിപ്പിക്കുന്ന കണക്കാണ് ഓരോദിവസവും പുറത്ത് വരുന്നത്.

#ഔദ്യോഗിക മരണനിരക്ക് - 47

മേയ് മുതൽ ജൂലായ് വരെ -19

ആഗസ്റ്റ്-9

സെപ്തംബർ-19

ഒക്ടോബർ നാലുവരെ-6

#ജില്ലയിലെ രോഗബാധിതർ(ജനുവരി മുതൽ ഒക്ടോബർ നാലുവരെ )-14,478