ആലപ്പുഴ: ആധുനികവത്കരണത്തിലൂടെ വികസനത്തിന്റെ പുതിയ വഴിയിലേയ്ക്ക് നീങ്ങുന്ന കരിയിലക്കുളങ്ങരയിലെ സഹകരണ സ്പിന്നിംഗ് മിൽ മന്ത്രി ഇ.പി ജയരാജൻ ഇന്ന് ഉദ്ഘാടനം ചെയ്യും.
33.9426 കോടി രൂപയുടെ പദ്ധതിയാണ് ആധുനികവത്കരണത്തിനും സ്പിന്റിൽശേഷി വർദ്ധിപ്പിക്കുന്നതിനും നടപ്പാക്കിയത്. സ്പിന്റിലുകൾ പ്രവർത്തിപ്പിക്കുന്നതോടെ ഉത്പാദനക്ഷമത 20ശതമാനം വർദ്ധിക്കുകയും ഗുണമേന്മ സ്വകാര്യ സ്പിന്നിംഗ് മില്ലുകളോട് കിടപിടിക്കുന്നതാകുകയും ചെയ്യും.
1981ൽ സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം ഇതോടെ 25,200 സ്പിന്റിൽ ശേഷി കൈവരിച്ചു.
നവീകരണത്തിന്റെ ഭാഗമായി ഓട്ടോമാറ്റിക് ബെയിൽ പ്ലക്കർ, കാർഡിംഗ് മെഷീനുകൾ, ഡ്രോയിംഗ് മെഷീനുകൾ, സിംപ്ലക്‌സ് മെഷീനുകൾ, കോമ്പർ മെഷീനുകൾ, സ്പിന്നിംഗ് മെഷീനുകൾ, ഓട്ടോമാറ്റിക് കോൺവൈന്റിംഗ് മെഷീൻ എന്നിവ സ്ഥാപിച്ചു. നാഷണൽ കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും ധനസഹായത്തോടെയാണ് പദ്ധതി പൂർത്തീകരിച്ചത്.
നാടിന് വികസന വെളിച്ചമേകി
250 ഓളം ജീവനക്കാരാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. സ്ത്രീകളും സമീപവാസികളും തന്നെയാണ് ജീവനക്കാരിൽ ഭൂരിഭാഗവും. ആധുനികവത്കരണത്തോടെ നൂറോളം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കി ഒരു നാടിന്റെ ഉന്നമനത്തിൽ കൈത്താങ്ങാവുകയാണ് ഈ സ്ഥാപനം. നൂറ് ശതമാനം പരുത്തി നൂലാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. 40 കൗണ്ട് മുതൽ 120 കൗണ്ട് വരെയുള്ള നൂൽ ഉത്പാദിപ്പിക്കുവാനുള്ള ശേഷി മില്ലിനുണ്ട്. കാർഡഡ്, കോമ്പ്ഡ് എന്നീ വ്യത്യസ്ത നൂലുകളും ഉത്പ്പാദിപ്പിക്കുന്നു. ഈ നൂലുകളെല്ലാം സിങ്കിൾ, ഡബിൾ എന്ന തരത്തിലും ഉത്പാദിപ്പിക്കുവാനുള്ള ശേഷി ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ കൈവരിച്ചു. ആഭ്യന്തര - വിദേശ വിപണികളിൽ ഒരു പോലെ നിലയുറപ്പിക്കാൻ ഇതോടെ ഇവിടുത്തെ ഉത്പന്നങ്ങൾക്ക് സാധിക്കും.
33.9426
ആധുനികവത്കരണത്തിനും
സ്പിന്റിൽശേഷി വർദ്ധിപ്പിക്കുന്നതിനും ചെലവഴിച്ചത്
33.9426 കോടി രൂപ
250
250 ഓളം ജീവനക്കാരാണ് നിലവിൽ സ്ഥാപനത്തിലുള്ളത്.