ആലപ്പുഴ: കൊവിഡിനു ശേഷമുള്ള പ്രശ്നങ്ങളെ നേരിടുന്നതിൽ ആയുർവേദം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. വെളിയനാട് ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൊവിഡ് വന്നുപോകുന്ന രോഗികളിൽ ശ്വാസംമുട്ടൽ, സന്ധിവേദനകൾ, ഉദരരോഗങ്ങൾ തുടങ്ങി ഒട്ടനവധി ശാരീരികാസ്വാസ്ഥ്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ ആയുർവേദം വളരെ ഫലപ്രദമാണെന്ന് നമുക്ക് അറിവുള്ളതാണ്. ഇതിന്റെ ശാസ്ത്രീയതയെപ്പറ്റി സംശയം ഉന്നയിക്കുന്നവരുണ്ട്. എന്നാൽ നമുക്ക് തന്നെ അനുഭവ സിദ്ധമായ ഒന്നാണ് ആയുർവേദ ശാസ്ത്രം. ആയുർവേദത്തിന്റെ ഗുണങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഈ സർക്കാർ ഒട്ടനവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അശോകൻ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. എം.സുഭാഷ്, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ട ഡോ.കെ.എസ്. പ്രിയ,ഡി.എം.ഒ ഡോ.ഷീബ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു.