അമ്പലപ്പുഴ: മഹാരാഷ്ട്രയിൽ നിന്നു മത്സ്യവുമായി വന്ന വാഹനത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കൈമാറി. നൂറോളം പെട്ടി മത്തിയിൽ ആവശ്യത്തിന് ഐസ് ഇല്ലായിരുന്നുവെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അമ്പലപ്പുഴ ഏരിയ ഓഫീസർ ചിത്രയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പുന്നപ്ര എസ് .ഐ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പുന്നപ്ര പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചയോടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വാഹനം പിടികൂടിയത്. മൂടിക്കെട്ടിയ മിനി കണ്ടെയ്നർ ലോറിയിൽ നിന്നാണ് ദുർഗന്ധം വമിച്ചത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ വാഹന ഉടമയ്ക്കും വ്യാപാരിക്കുമെതിരെ അധികൃതർ കേസെടുത്ത് പിഴ ചുമത്തി. പെട്ടികളിൽ ആവശ്യത്തിന് ഐസ് നിറപ്പിച്ച ശേഷമാണ് വാഹനം വിട്ടുകൊടുത്തത്.